Home Keralaകോടതി വിധി ലംഘിച്ചിട്ടില്ല; വീഴ്ചയുണ്ടെങ്കിൽ കോടതിയെ സമീപിക്കട്ടെ, ഓർത്തഡോക്‌സ് സഭയ്ക്ക് മറുപടിയുമായി യാക്കോബായ അധ്യക്ഷൻ

കോടതി വിധി ലംഘിച്ചിട്ടില്ല; വീഴ്ചയുണ്ടെങ്കിൽ കോടതിയെ സമീപിക്കട്ടെ, ഓർത്തഡോക്‌സ് സഭയ്ക്ക് മറുപടിയുമായി യാക്കോബായ അധ്യക്ഷൻ

by news_desk1
0 comments

കോട്ടയം: മണർകാട് പള്ളിയിൽ പാത്രിയാർക്കീസ് ബാവാ വിശുദ്ധ കുർബാന അർപ്പിച്ചതിനെച്ചൊല്ലി ഓർത്തഡോക്‌സ് സഭ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി യാക്കോബായ സഭാധ്യക്ഷൻ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവാ. കോടതി വിധിക്ക് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് കോടതിയെ സമീപിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ സർക്കാരിനെ വലിച്ചിഴയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പാത്രിയാർക്കീസ് ബാവാ മുൻപും മണർകാട് പള്ളി സന്ദർശിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കാതോലിക്ക ബാവാ, ഓർത്തഡോക്‌സ് സഭയുടെ പ്രതികരണം അറിവില്ലായ്മ കൊണ്ടാണെന്നും വിമർശിച്ചു. മുൻപ് സർക്കാർ ഒരുക്കിയ അതേ സൗകര്യങ്ങൾ മാത്രമാണ് ഇത്തവണയും ഒരുക്കിയതെന്നും അദ്ദേഹം വിശദീകരിച്ചു.

സഭാതർക്കം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയുണ്ടെന്നും ചർച്ചകൾക്ക് യാക്കോബായ സഭ തയ്യാറാണെന്നും കാതോലിക്ക ബാവാ പറഞ്ഞു. തർക്കങ്ങളും പൊലീസ് ഇടപെടലുകളും പുതിയ തലമുറയ്ക്ക് ഇഷ്ടമല്ല. ക്രിസ്തു ഇല്ലാതാകുന്ന ക്രിസ്ത്യാനിറ്റിയായി ഇത് മാറരുത്. ഒന്നിക്കാനായാലും വിഭജിക്കാനായാലും നിലവിലെ സ്ഥിതി തുടരാനായാലും എല്ലാം മാന്യതയോടെയാകണം. അതിനായി ത്യാഗം ചെയ്യാനും തയ്യാറാണ്. അർഹിക്കുന്ന ആദരവ് നൽകാൻ യാക്കോബായ സഭ സന്നദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പള്ളികൾക്കും സെമിത്തേരികൾക്കും വേണ്ടി ഇനിയും കേസുകൾ വേണോയെന്നും അദ്ദേഹം ചോദിച്ചു. നഷ്ടപ്പെട്ട പള്ളികളിൽ സിംഹഭാഗത്തും യാക്കോബായ വിശ്വാസികളാണ് ഉള്ളത്. അത്തരം ഇടങ്ങളിൽ മാനുഷിക പരിഗണന നൽകണമെന്നും കാതോലിക്ക ബാവാ ആവശ്യപ്പെട്ടു.

അതേസമയം, പാത്രിയാർക്കീസ് ബാവായുടെ മണർകാട് പള്ളി സന്ദർശനത്തിനെതിരെ ഓർത്തഡോക്‌സ് സഭ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്. സഭയ്ക്കേറ്റ മുറിവ് ഗൗരവത്തോടെ കാണണമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത ഇന്ന് പ്രതികരിച്ചിരുന്നു. വിചിത്രമായ നിയമോപദേശത്തിലൂടെ സഭയ്ക്ക് വലിയ മുറിവുണ്ടായെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വേദിയിലിരിക്കെയാണ് സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

മണർകാട് പള്ളിയിലെ പ്രവേശനം സർക്കാർ സ്പോൺസർ ചെയ്തതാണെന്നായിരുന്നു കഴിഞ്ഞ ദിവസവും ഓർത്തഡോക്‌സ് സഭയുടെ ആരോപണം. ചർച്ചകൾക്കായി ദേവലോകത്തിന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയായിരുന്നുവെന്നും ചർച്ചയിലൂടെ എല്ലാ ദേവാലയങ്ങളിലും പ്രവേശിക്കാവുന്ന സാഹചര്യം സൃഷ്ടിക്കാമായിരുന്നുവെന്നും സഭാ നേതൃത്വം അഭിപ്രായപ്പെട്ടു. നൈമിഷിക സന്തോഷത്തിനായി ശാശ്വത സമാധാനം തകർക്കാൻ ശ്രമിച്ചെന്നാണ് വിമർശനം. സഭ ഒന്നായാൽ സ്വർഗം സന്തോഷിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെ അസമാധാനം സൃഷ്ടിക്കുന്ന നടപടികളാണ് ഉണ്ടായതെന്നും ഓർത്തഡോക്‌സ് സഭ ചൂണ്ടിക്കാട്ടി.

യാക്കോബായ സഭയുടെ പരമാധ്യക്ഷൻ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവാ മണർകാട് പള്ളിയിലെത്തി വിശുദ്ധ കുർബാന അർപ്പിച്ചതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്. സന്ദർശനം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തള്ളിയതോടെയാണ് കുർബാനയ്ക്ക് വഴിയൊരുങ്ങിയത്. കത്തീഡ്രലിലെത്തിയ പാത്രിയാർക്കീസ് ബാവാ വിശ്വാസികളെ അഭിവാദ്യം ചെയ്തശേഷം വിശുദ്ധ കുർബാന അർപ്പിച്ചിരുന്നു.

You may also like