Home Keralaആശുപത്രി വാർഡിൽ പൂച്ചകളും ചത്ത എലിയും; ഒരാഴ്ചയായി അടച്ചിട്ടതെന്ന് മന്ത്രി, അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും

ആശുപത്രി വാർഡിൽ പൂച്ചകളും ചത്ത എലിയും; ഒരാഴ്ചയായി അടച്ചിട്ടതെന്ന് മന്ത്രി, അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും

by news_desk1
0 comments

തിരുവനന്തപുരം: പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ ബൈസ്റ്റാൻഡർ വാർഡിൽ പൂച്ചകളെയും ചത്ത എലിയെയും കണ്ടെത്തിയ സംഭവത്തിൽ വിശദീകരണവുമായി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. അറ്റകുറ്റപ്പണികൾക്കായി ഒരാഴ്ചയായി വാർഡ് അടച്ചിട്ടിരിക്കുകയാണെന്നും സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ വാർഡ് അണുവിമുക്തമാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. സംഭവത്തിൽ ആശുപത്രി അധികൃതരിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

നവീകരണം നടത്താത്ത വാർഡിൽ അടുത്തിടെയുണ്ടായ കനത്ത മഴയെ തുടർന്ന് ഭിത്തികളിൽ ഈർപ്പം വർധിക്കുകയും പെയിന്റ് അടർന്നുവീഴുകയും ചെയ്തിരുന്നു. ഇതോടെ സുരക്ഷാ കാരണങ്ങളാൽ വാർഡ് ഉപയോഗിക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് പൂച്ചകളുടെയും എലിയുടെയും സാന്നിധ്യമുണ്ടായതെന്ന് ആശുപത്രി സൂപ്രണ്ട് വിശദീകരിച്ചു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും വാർഡ് അണുവിമുക്തമാക്കുകയും ചെയ്തു.

ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് വാർഡിലെ അറ്റകുറ്റപ്പണികൾ നടത്തേണ്ടത്. അടിയന്തരമായി ഫണ്ട് ലഭ്യമാക്കി പണി പൂർത്തിയാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനോട് മന്ത്രി ആവശ്യപ്പെട്ടു. കേടായ കിടക്കകൾ മാറ്റി പുതിയവ സ്ഥാപിച്ച് ബൈസ്റ്റാൻഡർ വാർഡ് ഉടൻ തുറന്നുനൽകണമെന്നും നിർദേശിച്ചു.

എ.എച്ച്.എം ഫണ്ടിൽനിന്ന് 36 ലക്ഷം രൂപ ചെലവഴിച്ച് ആശുപത്രിയിലെ ഒരു കെട്ടിടം നേരത്തെ നവീകരിച്ചിരുന്നു. എൻ.എച്ച്.എം ഫണ്ട് ലഭ്യത പരിമിതമായതിനാലാണ് ശേഷിക്കുന്ന അറ്റകുറ്റപ്പണികൾക്കായി ജില്ലാ പഞ്ചായത്തിനെ സമീപിച്ചത്. ആശുപത്രി പരിസരത്തെ ശുചീകരണവും അറ്റകുറ്റപ്പണികളും സമയബന്ധിതമായി പൂർത്തിയാക്കണം. രോഗികളുടെ സുരക്ഷ, ശുചിത്വം, അണുബാധ നിയന്ത്രണം എന്നിവയിൽ യാതൊരു വീഴ്ചയും അനുവദിക്കില്ലെന്നും ഉത്തരവാദിത്വത്തിൽനിന്ന് ഉദ്യോഗസ്ഥർക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

You may also like