ആലപ്പുഴ: അപ്രതീക്ഷിത പരിശോധനയ്ക്കായി മന്ത്രി എത്തിയപ്പോൾ റിസപ്ഷനിൽ ജീവനക്കാരെ കാണാനില്ല. പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഹാജർ രേഖപ്പെടുത്തുന്നതിലടക്കം ക്രമക്കേടുകളും കൃത്യവിലോപവും കണ്ടെത്തി. ആലപ്പുഴ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാരെയാണ് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീറിന്റെ നിർദേശത്തെത്തുടർന്ന് സസ്പെൻഡ് ചെയ്തത്.
റെസ്റ്റ് ഹൗസ് മാനേജർ വി.വി. വിപിനൻ, എസ്.എൽ.ആർ വർക്കർ കെ. കമർ, കുക്ക് എം.ആർ. രാമാനുജൻ, മേട്ടി ശ്രീകല നന്ദനൻ, ബട്ലർ ബിനു സെബാസ്റ്റ്യൻ എന്നിവർക്കെതിരെയാണ് നടപടി.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെയാണ് ആലപ്പുഴ ബീച്ചിന് സമീപമുള്ള റെസ്റ്റ് ഹൗസിൽ മന്ത്രി അപ്രതീക്ഷിത സന്ദർശനം നടത്തിയത്. ഈ സമയം റിസപ്ഷനിൽ ഡ്യൂട്ടിയിലുള്ള ജീവനക്കാരാരും ഉണ്ടായിരുന്നില്ല. തുടർന്ന് ജീവനക്കാരുടെ ഹാജർ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർക്ക് മന്ത്രി നിർദേശം നൽകി.
പരിശോധനയിൽ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ചുപേരിൽ രണ്ടുപേർ മാത്രമാണ് ഹാജർപട്ടികയിൽ ഒപ്പിട്ടതെന്ന് കണ്ടെത്തി. കെ. കമറും എം.ആർ. രാമാനുജനുമാണ് ഹാജർ രേഖപ്പെടുത്തിയിരുന്നത്. മാനേജർ വിപിനൻ, ശ്രീകല നന്ദനൻ, ബിനു സെബാസ്റ്റ്യൻ എന്നിവർ ഹാജർ രേഖപ്പെടുത്തിയിരുന്നില്ല.
മന്ത്രി എത്തിയ സമയത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കുകയായിരുന്നുവെന്നാണ് മാനേജർ നൽകിയ വിശദീകരണം. കമറും ബിനുവും ഭക്ഷണം കഴിക്കാൻ പുറത്തുപോയപ്പോൾ വിപിനനും ശ്രീകലയും രാമാനുജനും റെസ്റ്റ് ഹൗസിലെ മുറിയിൽ ഭക്ഷണം കഴിക്കുകയായിരുന്നുവെന്നും അറിയിച്ചു.
എന്നാൽ, ഈ വിശദീകരണം പരിശോധിച്ച അന്വേഷണസംഘം ജീവനക്കാരുടെ ഭാഗത്ത് കൃത്യവിലോപം ഉണ്ടായതായി കണ്ടെത്തി. ഡ്യൂട്ടിയിലുണ്ടായിരുന്നവർ ഹാജർ രേഖപ്പെടുത്താതിരുന്നതും ഹാജർ രേഖപ്പെടുത്തിയവർ ജോലിസ്ഥലത്തുനിന്ന് മാറിനിന്നതും ഗുരുതര വീഴ്ചയാണെന്ന് സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ ചീഫ് എൻജിനീയറും എക്സിക്യൂട്ടീവ് എൻജിനീയറും റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തുടർന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറും അസിസ്റ്റന്റ് എൻജിനീയറും റെസ്റ്റ് ഹൗസിലെത്തി നേരിട്ട് പരിശോധന നടത്തി. വിവിധ റിപ്പോർട്ടുകളിലെയും പരിശോധനയിലെയും കണ്ടെത്തലുകൾ വിലയിരുത്തിയ ശേഷമാണ് അഞ്ച് ജീവനക്കാർക്കെതിരെയും അച്ചടക്ക നടപടി സ്വീകരിച്ചത്.
