Home Top Storiesകുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 വയസ്സാക്കുന്നത് പരിഗണിക്കണം; നിയമനിർമ്മാണ സഭകൾ ആലോചന നടത്തണമെന്ന് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

കുട്ടിക്കുറ്റവാളികളുടെ പ്രായപരിധി 16 വയസ്സാക്കുന്നത് പരിഗണിക്കണം; നിയമനിർമ്മാണ സഭകൾ ആലോചന നടത്തണമെന്ന് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം

by news_desk
0 comments

കൊച്ചി: പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ജുവനൈൽ പ്രായപരിധി 16 വയസ്സായി കുറയ്ക്കുന്നത് പരിഗണിക്കണമെന്ന സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും നിയമനിർമ്മാണ സഭകൾ ഗൗരവമായ ആലോചന നടത്തണമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. പൊതുസമൂഹത്തിൽ നിന്ന് പലവട്ടം ഉയർന്നുവന്ന ഈ ആവശ്യത്തിന് കൂടുതൽ കരുത്തുപകരുന്നതാണ് ഹൈക്കോടതിയുടെ പുതിയ നിലപാട്.

23 വയസ്സിൽ താഴെയുള്ളവർ മദ്യം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഒരു അബ്കാരി കേസ് പരിഗണിക്കവെയാണ് കോടതി ഈ നിർണ്ണായക പരാമർശങ്ങൾ നടത്തിയത്. പ്രായപൂർത്തിയാകാത്തവർ മദ്യപിച്ച് വാഹനമോടിച്ച് മാരകമായ അപകടങ്ങൾ ഉണ്ടാക്കുന്നതും കൊലപാതകങ്ങൾ വരെ ആസൂത്രണം ചെയ്യുന്നതും സമൂഹത്തിൽ വലിയ ചർച്ചയായ പശ്ചാത്തലത്തിലാണ് കോടതിയുടെ ഇടപെടൽ.

അടുത്തിടെ കേരളത്തെ നടുക്കിയ ചേരാനല്ലൂർ വാഹനാപകട കേസ് ഉൾപ്പെടെയുള്ള സംഭവങ്ങളിൽ ജുവനൈൽ നിയമത്തിലെ ഇളവുകൾക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ജയബാലകൃഷ്ണന്റെ ദാരുണ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ 17-കാരനെ ജയിലിലടയ്ക്കാൻ സാധിക്കാത്ത നിയമസാഹചര്യത്തിൽ, കുടുംബവും പൊതുസമൂഹവും വൈകാരികമായാണ് പ്രതികരിച്ചത്. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ രക്ഷപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ ജുവനൈൽ ആക്ടിലെ പ്രായപരിധി 16 വയസ്സിലേക്ക് ചുരുക്കുന്നത് നിയമനിർമ്മാണ സഭകൾ പരിഗണിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദ്ദേശം.

You may also like