തിരുവനന്തപുരം: ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കുള്ള നിയമന ചർച്ചകൾ കോൺഗ്രസിൽ പുതിയ ആഭ്യന്തര തർക്കത്തിന് വഴിതുറക്കുന്നു. മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, കെപിസിസി അധ്യക്ഷൻ എന്നിവർ മാത്രം ചർച്ച നടത്തി നിയമന തീരുമാനങ്ങളെടുക്കുന്നതിനോടാണ് എ ഗ്രൂപ്പ് നേതാക്കൾക്ക് കടുത്ത അതൃപ്തി. മുതിർന്ന നേതാക്കളെക്കൂടി ചർച്ചകളിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം കെപിസിസി അധ്യക്ഷനെ നേരിട്ട് കണ്ട് സംഘം അറിയിച്ചു.
ബുധനാഴ്ച ചേർന്ന എ ഗ്രൂപ്പ് നേതാക്കളുടെ അനൗപചാരിക യോഗത്തിന് പിന്നാലെയാണ് പ്രതിഷേധം അറിയിച്ചത്. പാർട്ടിയിലെ പഴയ എ ഗ്രൂപ്പ് നേതാക്കളാണ് നിലവിലെ ചർച്ചാരീതിക്കെതിരെ രംഗത്തെത്തിയത്. ബോർഡ്–കോർപ്പറേഷൻ നിയമനങ്ങൾ മൂന്ന് പേരുടെ മാത്രം തീരുമാനത്തിൽ ഒതുക്കരുതെന്നും മുതിർന്ന നേതാക്കളുടെ കൂട്ടായ ഇടപെടൽ ഉറപ്പാക്കണമെന്നുമാണ് ആവശ്യം.
മുതിർന്ന നേതാക്കളായ എം.എം. ഹസൻ, കെ.സി. ജോസഫ്, ബെന്നി ബഹനാൻ എന്നിവരുമായി കൂടി നിയമന കാര്യങ്ങളിൽ ചർച്ച നടത്തണമെന്നാണ് എ ഗ്രൂപ്പിന്റെ പ്രധാന ആവശ്യം. ഇക്കാര്യം ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്താനും ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.
ബോർഡ്–കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കുള്ള വീതംവെപ്പിൽ യുഡിഎഫിനുള്ളിലും ഇതുവരെ ധാരണയായിട്ടില്ല. പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അഹോരാത്രം പ്രവർത്തിച്ച നേതാക്കളെയും പ്രവർത്തകരെയും അർഹമായ രീതിയിൽ പരിഗണിക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉയരുന്നത്.
മന്ത്രിമാരും എംഎൽഎമാരുമായി അധികാരസ്ഥാനങ്ങളിലെത്തിയവർക്ക് അർഹമായ പരിഗണന ലഭിച്ചപ്പോൾ പാർട്ടിക്കായി പ്രവർത്തിച്ച മറ്റുള്ളവരെ മറന്നുവെന്ന വിമർശനവും കോൺഗ്രസിനുള്ളിൽ ശക്തമാണ്. ഭരണത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്–കോർപ്പറേഷൻ നിയമനങ്ങളിൽ അന്തിമ തീരുമാനമെടുക്കാത്തതും പാർട്ടിക്കുള്ളിൽ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്.
നിയമന ചർച്ചകളിൽ കൂടുതൽ നേതാക്കളെ ഉൾപ്പെടുത്തണമെന്ന എ ഗ്രൂപ്പിന്റെ ആവശ്യം അംഗീകരിക്കപ്പെടുമോ എന്നതാണ് ഇനി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. സ്ഥാനമാനങ്ങളുടെ വീതംവെപ്പിനൊപ്പം കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളും വീണ്ടും സജീവമാകുകയാണ്.
