തിരുവനന്തപുരം: ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന വാഗ്ദാനത്തിന്റെ പേരിൽ നടന്ന സ്പോൺസർഷിപ്പ് ഇടപാടിൽ മുൻ കായികമന്ത്രി വി. അബ്ദുറഹ്മാന് കുരുക്ക് മുറുകുന്നു. അഴിമതി നിരോധന നിയമപ്രകാരം അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി. ഇതോടെ കേസിൽ മുൻ മന്ത്രിയെയും പ്രതിചേർക്കുന്നതിനുള്ള നടപടികൾക്ക് വഴിയൊരുങ്ങി.
മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട സ്പോൺസർഷിപ്പ് കരാറിൽ വൻ ക്രമക്കേടും ഗൂഢാലോചനയും നടന്നതായാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തൽ. ടെൻഡർ നടപടികൾ പാലിക്കാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് അന്യായമായ സാമ്പത്തിക നേട്ടമുണ്ടാക്കാൻ അബ്ദുറഹ്മാൻ മന്ത്രിയായിരിക്കെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം.
ആന്റോ അഗസ്റ്റിൻ, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി, അബ്ദുറഹ്മാന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ, മുൻ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ഇതോടെ മുൻ മന്ത്രിയടക്കം കേസിൽ ഉൾപ്പെടുന്നവരുടെ എണ്ണം അഞ്ചാകും.
ഇടപാട് നടക്കുമ്പോൾ അബ്ദുറഹ്മാൻ മന്ത്രിയായിരുന്നതിനാൽ അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം പ്രോസിക്യൂഷൻ നടപടികൾക്ക് ഗവർണറുടെ മുൻകൂർ അനുമതി ആവശ്യമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലിലാണ് ഗവർണർ അനുമതി നൽകിയത്.
മന്ത്രി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്പോൺസർഷിപ്പ് റിപ്പോർട്ടർ കമ്പനിക്ക് നൽകിയതെന്ന് മുൻ പ്രൈവറ്റ് സെക്രട്ടറി സി. സത്യപാലൻ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഈ മൊഴിയും അന്വേഷണത്തിലെ കണ്ടെത്തലുകളും കേസിൽ നിർണായകമായേക്കും.
രണ്ടാം പിണറായി സർക്കാരിലെ മുൻ മന്ത്രി അഴിമതി കേസിൽ പ്രതിയാകുന്ന സാഹചര്യം എൽഡിഎഫിനും സിപിഎമ്മിനും രാഷ്ട്രീയ പ്രതിരോധം സൃഷ്ടിക്കുന്നതാണ്. നേരത്തെ അബ്ദുറഹ്മാനെതിരായ അഴിമതി ആരോപണങ്ങൾ സിപിഎം തള്ളിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു പാർട്ടിയുടെ നിലപാട്. എന്നാൽ ഗവർണറുടെ പ്രോസിക്യൂഷൻ അനുമതിയോടെ മെസി കേരളത്തിലെത്തിക്കാനുള്ള സ്പോൺസർഷിപ്പ് ഇടപാട് വീണ്ടും വലിയ രാഷ്ട്രീയ വിവാദമായി മാറുകയാണ്.
