കൊച്ചി: സസ്പെൻഷനിലായ വിദ്യാർഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാട് കടുപ്പിച്ച് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല. ചെയ്ത തെറ്റുകൾക്ക് വിദ്യാർഥികൾ മാപ്പുപറയണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും സർവകലാശാല ഹൈക്കോടതിയെ അറിയിച്ചു. സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജിയിൽ 44 പേജുള്ള വിശദമായ എതിർസത്യവാങ്മൂലമാണ് സർവകലാശാല സമർപ്പിച്ചത്.
സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം മാപ്പപേക്ഷയും ഭാവിയിൽ അച്ചടക്കലംഘനം ആവർത്തിക്കില്ലെന്ന ഉറപ്പും നൽകാതെ സസ്പെൻഷൻ പിൻവലിക്കില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും വൈസ് ചാൻസലറെ ആക്രമിക്കാൻ ശ്രമിച്ച 16 വിദ്യാർഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിദ്യാർഥികൾക്കെതിരായ പരാതികളും കേസുകളുടെ വിവരങ്ങളും മുൻകാല അച്ചടക്കനടപടികളുടെ വിശദാംശങ്ങളും സർവകലാശാല കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്. സസ്പെൻഷനിലായ വിദ്യാർഥികൾ മുൻപും അച്ചടക്കനടപടികൾക്കും പോലീസ് കേസുകൾക്കും വിധേയരായിട്ടുണ്ടെന്നും എതിർസത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
വിദ്യാർഥികൾ സ്വയം സൃഷ്ടിച്ച പ്രശ്നങ്ങൾ കാരണമാണ് ഹാജർ നഷ്ടപ്പെട്ടതെന്നും പരീക്ഷ എഴുതാനുള്ള അവസരം ഇല്ലാതായതെന്നും സർവകലാശാല വാദിച്ചു. അക്കാദമിക് അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള പെരുമാറ്റമാണ് നടപടിക്ക് കാരണമെന്നും പരീക്ഷ എഴുതാൻ കഴിയാത്തതിന് സർവകലാശാലയെ കുറ്റപ്പെടുത്താനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
സസ്പെൻഷൻ പിൻവലിക്കണമെന്ന വിദ്യാർഥികളുടെ ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും. വിദ്യാർഥികൾക്ക് അനുകൂലമായി നേരത്തെ കോടതി നടത്തിയ വാക്കാലുള്ള പരാമർശങ്ങൾക്ക് പിന്നാലെയാണ് സർവകലാശാല നിലപാട് വ്യക്തമാക്കിക്കൊണ്ട് വിശദമായ എതിർസത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. മാപ്പുപറയണമെന്ന സർവകലാശാലയുടെ നിർബന്ധിത നിലപാടും വിദ്യാർഥികളുടെ ഹർജിയും പരിഗണിക്കുമ്പോൾ കോടതിയുടെ തുടർനടപടി നിർണായകമാകും.
