കൊച്ചി: ഐടി ജീവനക്കാരി അക്ഷരയുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർ ബിനോയിക്കെതിരെ കടുത്ത നടപടിക്ക് ശുപാർശ ചെയ്ത് പൊലീസ്. അപകടത്തിന് വഴിവെച്ചത് ഡ്രൈവറുടെ ഗുരുതരമായ പിഴവാണെന്ന് ചൂണ്ടിക്കാട്ടി ലൈസൻസ് ആജീവനാന്തം റദ്ദാക്കണമെന്നും ബസിന്റെ പെർമിറ്റ് റദ്ദാക്കണമെന്നും മോട്ടോർ വാഹന വകുപ്പിനോട് പൊലീസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഇൻഫോപാർക്ക് പൊലീസ് എംവിഡിക്ക് കത്ത് നൽകി.
നവംബർ അഞ്ചിനാണ് അശ്രദ്ധമായി ഓടിച്ച ‘മലയിൽ’ എന്ന സ്വകാര്യ ബസിടിച്ച് തൃശൂർ സ്വദേശിനിയും ഐടി ജീവനക്കാരിയുമായ അക്ഷര (29) മരിച്ചത്. ജിമ്മിൽനിന്ന് മടങ്ങുന്നതിനിടെ വീതി കുറഞ്ഞ റോഡിന്റെ അരികിലൂടെ നടന്നുപോകുകയായിരുന്ന അക്ഷരയെ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. അപകടത്തിൽ സംഭവസ്ഥലത്തുതന്നെ അക്ഷര മരിച്ചു. പിന്നാലെ ഡ്രൈവർ ബിനോയിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് നടത്തിയ പരിശോധനയിൽ ബിനോയിക്കെതിരെ ഏഴോളം ക്രിമിനൽ കേസുകളുണ്ടെന്ന് കണ്ടെത്തിയിരുന്നു. തോപ്പുംപടി പൊലീസ് സ്റ്റേഷനിൽ രണ്ട് ലഹരിമരുന്ന് കേസുകളും രണ്ട് അടിപിടിക്കേസുകളുമുണ്ട്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിലും ലഹരിക്കേസുണ്ട്. ഇതിനു പുറമേ വാഹനാപകടക്കേസും ഇയാൾക്കെതിരെയുണ്ട്.
ഡ്രൈവർക്കെതിരായ ക്രിമിനൽ കേസുകൾ ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ രൂക്ഷവിമർശനമുയർത്തിയ കോടതി, അപകടമുണ്ടാക്കുന്ന ഡ്രൈവർമാർ റോഡുകളിലെ തമ്പുരാക്കന്മാരല്ലെന്നും കാലന്മാരാണെന്നും വിമർശിച്ചു. പിന്നിൽനിന്ന് ഉച്ചത്തിൽ ഹോൺ മുഴക്കി മറ്റുള്ളവരെ ഭയപ്പെടുത്തിയാണ് പലരും ബസ് ഓടിക്കുന്നത്. തങ്ങൾ വരുമ്പോൾ മറ്റുള്ളവർ വഴിമാറണമെന്ന നിലപാടാണ് ഇവർക്കുള്ളതെന്നും കോടതി പറഞ്ഞു.
ഡ്രൈവർമാർ നിയമത്തെ എവിടെയാണ് ഭയക്കുന്നതെന്നും വീട്ടിൽ തിരിച്ചെത്തുമെന്ന് യാത്രക്കാർക്ക് എന്താണ് ഉറപ്പെന്നും കോടതി ചോദിച്ചു. ഭ്രാന്തുപിടിച്ചതുപോലെയാണ് ചിലർ ബസ് ഓടിക്കുന്നതെന്നും സാധാരണ മനുഷ്യർ എന്തുചെയ്യുമെന്നും കോടതി വിമർശിച്ചു.
അക്ഷരയുടെ മരണത്തിൽ കുടുംബവും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ക്രിമിനൽ പശ്ചാത്തലമുള്ളവരെയാണോ ജീവനക്കാരായി നിയമിക്കുന്നതെന്ന് ബസ് ഉടമകൾ ചിന്തിക്കണമെന്ന് അക്ഷരയുടെ പിതാവ് ഓമനക്കുട്ടൻ വരുണ് പ്രതികരിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും കുടുംബത്തിനുണ്ടായ നഷ്ടം നികത്താനാവാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ഒരുമിച്ചുള്ള ജീവിതം തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂവെന്നും ഇനിയാർക്കും ഈ ദുരവസ്ഥ ഉണ്ടാകരുതെന്നും അക്ഷരയുടെ ഭർത്താവ് വരുണും പ്രതികരിച്ചിരുന്നു.
