വാഷിങ്ടൺ: യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനെതിരായ ഇംപീച്ച്മെന്റ് നീക്കം ജനപ്രതിനിധിസഭയിൽ പരാജയപ്പെട്ടു. റിപ്പബ്ലിക്കൻ അംഗങ്ങൾക്ക് ഭൂരിപക്ഷമുള്ള സഭയിൽ നീക്കത്തിന് ആവശ്യമായ പിന്തുണ ലഭിച്ചില്ല. മിഡ്ടേം തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റുകൾ കോൺഗ്രസിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് മുമ്പ് നടന്ന വോട്ടെടുപ്പിലെ പരാജയം ഹെഗ്സെത്തിന് താൽക്കാലിക ആശ്വാസമായി.
ഇംപീച്ച്മെന്റുമായി ബന്ധപ്പെട്ട എട്ട് കുറ്റാരോപണങ്ങൾ റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള ഹൗസ് ജുഡീഷ്യറി കമ്മിറ്റിക്ക് കൈമാറാനുള്ള നടപടിയെ അനുകൂലിച്ച് 211 പേരും എതിർത്ത് 204 പേരും വോട്ട് ചെയ്തു. കെന്റക്കിയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസിയാണ് ഹെഗ്സെത്തിനെതിരായ നീക്കത്തിന് നേതൃത്വം നൽകിയത്. പ്രതിരോധ സെക്രട്ടറിയുടെ നയങ്ങളിൽ അതൃപ്തിയുള്ള റിപ്പബ്ലിക്കൻ അംഗങ്ങളുടെ പിന്തുണ നേടാമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. ഇറാൻ യുദ്ധത്തിനെതിരായ ജനവികാരവും നീക്കത്തിന് അനുകൂലമാകുമെന്ന് മാസി കണക്കുകൂട്ടിയിരുന്നു. എന്നാൽ മറ്റൊരു റിപ്പബ്ലിക്കൻ അംഗവും അദ്ദേഹത്തെ പിന്തുണച്ചില്ല. ഡെമോക്രാറ്റുകൾ നീക്കത്തിന് ശക്തമായ പിന്തുണ പ്രഖ്യാപിച്ചെങ്കിലും 11 പേർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
വോട്ടെടുപ്പിന് മുമ്പ് ഡെമോക്രാറ്റിക് നേതാവ് ഹക്കീം ജെഫ്രീസ് ഹെഗ്സെത്തിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചു. അധികാരം ദുരുപയോഗം ചെയ്തതിലൂടെ ഹെഗ്സെത്ത് അമേരിക്കയുടെ ദേശീയ സുരക്ഷ ദുർബലപ്പെടുത്തിയെന്നും ഇറാനിലെ അശ്രദ്ധവും ചെലവേറിയതുമായ യുദ്ധത്തിന്റെ പ്രധാന ശിൽപ്പി അദ്ദേഹമാണെന്നും ജെഫ്രീസ് ആരോപിച്ചു.
അതേസമയം, തനിക്കെതിരായ ഇംപീച്ച്മെന്റ് നീക്കത്തെ പരിഹാസ്യവും പരാജയപ്പെടാൻ വിധിക്കപ്പെട്ടതുമായ നടപടിയെന്നാണ് ഹെഗ്സെത്ത് വിശേഷിപ്പിച്ചത്. അമേരിക്കൻ സൈന്യത്തിന്റെ തലപ്പത്തുള്ള തന്റെ പ്രവർത്തനങ്ങളെ ന്യായീകരിച്ച് പെന്റഗണിൽ അപൂർവമായി നടത്തിയ വാർത്താസമ്മേളനത്തിന് മണിക്കൂറുകൾക്കുശേഷമായിരുന്നു ജനപ്രതിനിധിസഭയിലെ വോട്ടെടുപ്പ്. ഇറാനുമായുള്ള സംഘർഷത്തെ ആവർത്തിച്ച് ന്യായീകരിച്ച അദ്ദേഹം, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ധീരതയെ പ്രശംസിക്കുകയും ഇറാന്റെ സൈനികശക്തി തകർക്കപ്പെട്ടതായി അവകാശപ്പെടുകയും ചെയ്തു. യുദ്ധമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഗുരുതരമായ അധികാരദുരുപയോഗവും കുറ്റകൃത്യങ്ങളും നടത്തിയെന്ന മാസിയുടെ ആരോപണങ്ങൾക്കിടയിലും സൈന്യത്തിന് നൽകിയ ഉത്തരവുകൾ നിയമാനുസൃതമായിരുന്നുവെന്ന് ഹെഗ്സെത്ത് വ്യക്തമാക്കി. ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള ചരിത്രത്തിന്റെ വിലയിരുത്തൽ ഇപ്പോഴത്തെ പൊതുധാരണയിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പിനുശേഷം ഹെഗ്സെത്തിനെ പ്രശംസിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും രംഗത്തെത്തി. ഇംപീച്ച്മെന്റ് നീക്കം ദയനീയമായി പരാജയപ്പെട്ടുവെന്ന് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ച ട്രംപ്, ഇറാൻ, വെനസ്വേല തുടങ്ങിയ വിഷയങ്ങളിൽ ഹെഗ്സെത്ത് നടത്തിയ ഇടപെടലുകൾ ഒരു മികച്ച അമേരിക്കൻ ദേശസ്നേഹിയെ കുറ്റവിമുക്തനാക്കുന്നതിന് വഴിയൊരുക്കിയെന്നും കൂട്ടിച്ചേർത്തു.
വോട്ടെടുപ്പ് ഫലത്തിൽ നിരാശ പ്രകടിപ്പിച്ച തോമസ് മാസി, റിപ്പബ്ലിക്കൻ അംഗങ്ങളെ മുങ്ങിക്കൊണ്ടിരിക്കുന്ന ടൈറ്റാനിക് കപ്പലിൽനിന്ന് ഇറങ്ങാൻ തയ്യാറാകാത്ത യാത്രക്കാരോടാണ് ഉപമിച്ചത്. കപ്പൽ മുങ്ങുകയാണെന്ന് അറിയാമെങ്കിലും അതിൽത്തന്നെ തുടരാനാണ് അവർ തീരുമാനിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മാസിയുടെ നീക്കം വിജയിച്ചിരുന്നെങ്കിൽ ഇംപീച്ച് ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രതിരോധ സെക്രട്ടറിയായി ഹെഗ്സെത്ത് മാറുമായിരുന്നു. അമേരിക്കൻ സൈന്യത്തിന്റെ സിവിലിയൻ തലവനെ അവസാനമായി ഇംപീച്ച് ചെയ്തത് 1876ലാണ്. അന്ന് യുദ്ധകാര്യ സെക്രട്ടറിയായിരുന്ന വില്യം ബെൽക്നാപ്പായിരുന്നു ഇംപീച്ച് ചെയ്യപ്പെട്ടത്.
