Home Internationalഹോർമൂസ് തുറക്കാൻ ഇറാന്റെ പുതിയ വാഗ്ദാനം; ട്രംപുമായി ചർച്ചയ്ക്ക് ഖത്തർ പ്രധാനമന്ത്രി

ഹോർമൂസ് തുറക്കാൻ ഇറാന്റെ പുതിയ വാഗ്ദാനം; ട്രംപുമായി ചർച്ചയ്ക്ക് ഖത്തർ പ്രധാനമന്ത്രി

by news_desk1
0 comments

ദോഹ: പശ്ചിമേഷ്യയിൽ സമാധാന നീക്കങ്ങൾ ശക്തമാകുന്നതിനിടെ നിർണായക ചർച്ചകൾക്കായി ഖത്തർ പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണും. അമേരിക്ക മുന്നോട്ടുവച്ച ഉപാധികൾ അംഗീകരിച്ചാൽ രണ്ടു ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാൻ തയ്യാറാണെന്ന സന്ദേശമാണ് ഇറാൻ കൈമാറിയിരിക്കുന്നത്. എന്നാൽ നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുമ്പോഴും മേഖലയിലെ സംഘർഷസാധ്യത ഒഴിഞ്ഞിട്ടില്ല. ഇറാനെതിരായ പുതിയ ആക്രമണത്തിനുള്ള മുന്നറിയിപ്പുകളും ഹൂതി ആക്രമണങ്ങളും പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുകയാണ്.

ഇറാന്റെ അവസാന സന്ദേശം ട്രംപിന് കൈമാറുകയും ഇരുരാജ്യങ്ങൾക്കുമിടയിൽ ചർച്ചകൾക്ക് വഴിയൊരുക്കുകയുമാണ് ഖത്തർ പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ലക്ഷ്യം. സമാധാന നീക്കങ്ങളിൽ പ്രധാന മധ്യസ്ഥനാകാനാണ് ഖത്തറിന്റെ ശ്രമം. ഇതിനു പിന്നാലെ ചൈനീസ്, റഷ്യൻ പ്രസിഡന്റുമാരുമായും ട്രംപ് ചർച്ച നടത്തുമെന്നാണ് വിവരം.

നേരത്തേ പുറത്തുവന്ന സമാധാന നിർദേശങ്ങളിൽ ചൈനയ്ക്ക് നിർണായക പങ്കുണ്ട്. സമാധാന കരാറിലെ വ്യവസ്ഥകൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്ന ഗ്യാരന്ററാകാൻ ചൈന സന്നദ്ധത അറിയിച്ചിരുന്നു. ഇറാന്റെ യുറേനിയം റഷ്യ സൂക്ഷിക്കാമെന്ന സമവായ നിർദേശവും പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകളിൽ പ്രധാനമാണ്. അതിനാൽ ചൈനയും റഷ്യയും ഉൾപ്പെടുന്ന നയതന്ത്ര നീക്കങ്ങൾ നിർണായകമായാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ രണ്ടു ദിവസത്തിനകം ഹോർമൂസ് കടലിടുക്ക് തുറക്കാമെന്ന നിലപാടിൽ ഇറാൻ ഉറച്ചുനിൽക്കുകയാണ്. അതേസമയം, ഇറാനെതിരെ മൂന്നാമതൊരു ആക്രമണത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ് ഇസ്രയേലിനെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. പുതിയ യുദ്ധമുണ്ടായാൽ ശക്തമായ തിരിച്ചടി നൽകുമെന്നും തീമഴ പെയ്യിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇറാനിൽ ഇന്നലെ രാത്രിയുണ്ടായ സ്ഫോടനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവന്നിട്ടില്ല. അതിനിടെ, ഹൂതികൾക്ക് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്ന് യെമൻ ഇറാനോട് ആവശ്യപ്പെട്ടു. യെമനിലെ ഹൂതി വിഭാഗത്തിന്റെ സൗദിക്കെതിരായ ആക്രമണങ്ങളും സൗദിയുടെ തിരിച്ചടിയും തുടരുകയാണ്.

സമാധാന ചർച്ചകൾക്ക് വഴിതുറക്കുമോ അതോ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന ആശങ്കയ്ക്കിടെയാണ് ഖത്തറിന്റെ മധ്യസ്ഥ നീക്കവും ട്രംപുമായുള്ള കൂടിക്കാഴ്ചയും ശ്രദ്ധേയമാകുന്നത്.

You may also like