വടക്കാഞ്ചേരി: ഗുരുവായൂർ ദേവസ്വത്തിന്റെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ ക്ഷേത്രകലകൾ അവതരിപ്പിക്കുന്നതിനുള്ള വാടകവർധന പിൻവലിച്ച ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരന്റെ തീരുമാനത്തെ സംസ്കാര സാഹിതി അഭിനന്ദിച്ചു.
2027 ജനുവരി മുതൽ ഓഡിറ്റോറിയത്തിലെ വാടക മണിക്കൂറിന് 5900 രൂപയിൽനിന്ന് 11,800 രൂപയായി ഉയർത്താനുള്ള ദേവസ്വം ബോർഡിന്റെ തീരുമാനം സാധാരണ കലാകാരന്മാർക്കും വിദ്യാർത്ഥികൾക്കും വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതായിരുന്നുവെന്ന് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി.ജി. ജയദീപ് പറഞ്ഞു. വാടകവർധന പിൻവലിക്കാനുള്ള മന്ത്രിയുടെ ഇടപെടൽ കലാകാരന്മാർക്ക് വലിയ പ്രോത്സാഹനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെപിസിസി സംസ്കാര സാഹിതി വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ഹൈക്കോടതിയിൽ സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമിതനായ അഡ്വ. ടി.എസ്. മായാദാസിനെ ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ ആദരിച്ചു. കെപിസിസി സംസ്കാര സാഹിതി ജില്ലാ കൺവീനർ അനിൽ സമ്രാട്ട് മുഖ്യപ്രഭാഷണം നടത്തി. വടക്കാഞ്ചേരി നിയോജകമണ്ഡലം ചെയർമാൻ ആനന്ദ് അടാട്ട് അധ്യക്ഷത വഹിച്ചു. കൺവീനർ ഉണ്ണി വടക്കാഞ്ചേരി സ്വാഗതം പറഞ്ഞു.
സംസ്കാര സാഹിതി ജില്ലാ ജനറൽ സെക്രട്ടറി ജയപ്രസാദ് കളത്തിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.പി. ഗിരീശൻ, കൗൺസിലർമാരായ ബുഷ്റ റഷീദ്, എം.എച്ച്. ഷാനവാസ്, ബാബുരാജ് കണ്ടേരി, ബീന ജോൺസൺ എന്നിവർ ആശംസകൾ നേർന്നു.
വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റി ഭാരവാഹികളായി പ്രകാശൻ ചെമ്പത്തിനെ ചെയർമാനായും കെ.എച്ച്. സിദ്ധിക്കിനെ കൺവീനറായും കെ.ബി. സുബ്രഹ്മണ്യനെ ട്രഷററായും യോഗം തെരഞ്ഞെടുത്തു.
