Home Localഅയനം സി.വി. ശ്രീരാമൻ കഥാപുരസ്കാരം സി.വി.ബാലകൃഷ്ണന്

അയനം സി.വി. ശ്രീരാമൻ കഥാപുരസ്കാരം സി.വി.ബാലകൃഷ്ണന്

by news_desk1
0 comments

തൃശൂർ: സ്വേച്ഛാധിപത്യവും അധികാരദുർവിനിയോഗവും അടിച്ചമർത്തലുകളും സൃഷ്ടിക്കുന്ന ഇരുണ്ട ലോകത്തെ കഥകളിലൂടെ അടയാളപ്പെടുത്തിയ സി.വി. ബാലകൃഷ്ണന് അയനം–സി.വി. ശ്രീരാമൻ കഥാപുരസ്കാരം. അദ്ദേഹത്തിന്റെ ‘സ്വേച്ഛ’ എന്ന കഥാസമാഹാരമാണ് പതിനേഴാമത് പുരസ്കാരത്തിന് അർഹമായത്. ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും.

ഡോ. എൻ.ആർ. ഗ്രാമപ്രകാശ് ചെയർമാനും ഡോ. സ്വപ്ന സി. കോമ്പാത്ത്, ടി.ജി. അജിത എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാരത്തിനായി കൃതി തെരഞ്ഞെടുത്തത്.

ഏകാന്തമായ മനുഷ്യാവസ്ഥകളുടെ അനുഭവചിത്രങ്ങളെ മലയാള സാഹിത്യത്തിൽ സൂക്ഷ്മതയോടെയും തീവ്രതയോടെയും അവതരിപ്പിക്കുന്ന കഥാകാരനാണ് സി.വി. ബാലകൃഷ്ണനെന്ന് ജൂറി വിലയിരുത്തി. ദൈവികവും മാനുഷികവുമായ പ്രതിസന്ധികളും സങ്കീർണതകളും ആവിഷ്കരിക്കുമ്പോൾ കഥാപാത്രങ്ങളെയും കഥാസന്ദർഭങ്ങളെയും ശിൽപപരമായ ഒതുക്കത്തോടെയും മികവോടെയും അവതരിപ്പിക്കാൻ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും ജൂറി അഭിപ്രായപ്പെട്ടു.

സ്വേച്ഛാധിപത്യ ലോകത്ത് അധികാരദുർവിനിയോഗവും അടിച്ചമർത്തലുകളും സൃഷ്ടിക്കുന്ന ഭീതിദമായ പശ്ചാത്തലത്തിലാണ് ‘സ്വേച്ഛ’യിലെ കഥകൾ രൂപപ്പെട്ടിരിക്കുന്നത്. സമകാലിക ലോക രാഷ്ട്രീയ സാഹചര്യങ്ങളെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കുന്ന ഈ കഥകൾ, ഇരുണ്ട കാലത്തിലൂടെ കടന്നുപോകുന്ന ജനസമൂഹങ്ങൾക്ക് ജനാധിപത്യത്തിന്റെ വെളിച്ചം ഇനിയും തെളിയുമെന്ന പ്രതീക്ഷ നൽകുന്നുവെന്നും ജൂറി ചൂണ്ടിക്കാട്ടി. അധികാരവും ഹിംസയും വേട്ടയാടുന്ന മനുഷ്യരെ ശുഭകരമായ ഭാവിയുടെ വെളിച്ചത്തിലേക്ക് നയിക്കുന്ന കഥാലോകമാണ് സി.വി. ബാലകൃഷ്ണന്റേതെന്നും വിലയിരുത്തലുണ്ട്.

നവംബർ 30ന് വൈകിട്ട് അഞ്ചിന് കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അയനം ചെയർമാൻ വിജേഷ് എടക്കുന്നിയും കൺവീനർ പി.വി. ഉണ്ണികൃഷ്ണനുമാണ് ഇക്കാര്യം അറിയിച്ചത്.

You may also like