സമാധാന ചർച്ചകൾക്ക് മധ്യസ്ഥശ്രമങ്ങൾ തുടരുന്നതിനിടെ അമേരിക്കയും ഇറാനും തമ്മിലുള്ള വാക്പോര് വീണ്ടും യുദ്ധഭീതിയുയർത്തുന്നു. ഇറാനെ പൂർണമായി നശിപ്പിക്കേണ്ടിവന്നേക്കാമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ, അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ തിരിച്ചടി പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്ന് ഇറാനും വ്യക്തമാക്കി. ഇരുരാജ്യങ്ങളുടെയും പരസ്യമായ ഭീഷണികൾ രാജ്യാന്തര സമൂഹത്തിന്റെ ആശങ്ക വർധിപ്പിക്കുകയാണ്.
ഓവൽ ഓഫിസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇറാനെതിരെ കടുത്ത മുന്നറിയിപ്പ് നൽകിയത്. ഇറാന്റെ ആണവപദ്ധതി പരിമിതപ്പെടുത്തുന്നതിനുള്ള പുതിയ കരാർ നിർദേശങ്ങൾ ഇറാനിയൻ ചർച്ചാസംഘം പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളോടായിരുന്നു പ്രതികരണം.
“ഞങ്ങളുടെ അനുമതിയില്ലാതെ അവർക്ക് ഒന്നും ചെയ്യാനാകില്ല. അവർ എന്താണ് പരിഗണിക്കുന്നത് എന്നത് വിഷയമല്ല. ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവശം വയ്ക്കില്ല,” ട്രംപ് പറഞ്ഞു. ഇറാന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ട സമയമായെന്നും ഭാവിയിൽ ആണവായുധ ഭീഷണി ആവർത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“സാധ്യമെങ്കിൽ ഈ രാജ്യത്തിന്റെ അവശേഷിക്കുന്ന ഭാഗങ്ങൾ നശിപ്പിക്കുന്നത് ഒഴിവാക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്നാൽ ചിലപ്പോൾ എനിക്ക് അത് ചെയ്യേണ്ടിവന്നേക്കാം. അതെന്താണെന്ന് നിങ്ങൾ ഉടൻ അറിയും,” എന്നായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെയുള്ള ഈ പരാമർശം സൈനിക നടപടിയുടെ സാധ്യത വീണ്ടും ചർച്ചയാക്കിയിരിക്കുകയാണ്.
അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ ഖത്തറും പാക്കിസ്ഥാനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്. ഇരുരാജ്യങ്ങൾക്കുമിടയിലെ കടുത്ത അവിശ്വാസം കുറച്ച് ചർച്ചകളിലൂടെ സമാധാനത്തിലെത്തിക്കാനാണ് ശ്രമം. എന്നാൽ അമേരിക്കയുടെ കർശന ഉപാധികളും ഇറാന്റെ പരമാധികാരവുമായി ബന്ധപ്പെട്ട നിലപാടുകളും ചർച്ചകൾക്ക് വെല്ലുവിളിയാകുന്നു. യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സ്ഥിരമായ സമാധാനം ഉറപ്പാക്കാനും പുതിയ നയതന്ത്ര നിർദേശങ്ങൾ മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും ധാരണയിലെത്തിയിട്ടില്ല.
ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ ഇറാനും ശക്തമായ ഭാഷയിൽ തിരിച്ചടിച്ചു. അമേരിക്ക വീണ്ടും ആക്രമണത്തിന് മുതിർന്നാൽ മുൻപത്തേക്കാൾ വിപുലവും ശക്തവുമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്രാമിനിയ വ്യക്തമാക്കി. പുതിയ ആക്രമണം നടത്തുന്നവർ അതിൽ പശ്ചാത്തപിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു പുതിയ യുദ്ധമുണ്ടായാൽ അതിന്റെ ഭൂമിശാസ്ത്രപരമായ പരിധി പശ്ചിമേഷ്യയിൽ മാത്രം ഒതുങ്ങില്ലെന്നാണ് ഇറാന്റെ നിലപാട്. ഇസ്ലാമിക് റെവല്യൂഷൻ നേതാവിന്റെ നിർദേശപ്രകാരം അമേരിക്കയുടെയും ഇസ്രയേലിന്റെയും ശത്രുതാപരമായ ആസ്തികൾ ഉൾപ്പെടുത്തി സൈന്യം ലക്ഷ്യങ്ങളുടെ പട്ടിക പുതുക്കിയതായും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ആക്രമണപരിധിയിൽ വരുന്ന അമേരിക്കൻ സൈനിക താവളങ്ങൾ, സൈനിക ഉപകരണങ്ങൾ, സേനാവിഭാഗങ്ങൾ, മറ്റ് താൽപര്യങ്ങൾ എന്നിവയെല്ലാം തിരിച്ചടിയുടെ ലക്ഷ്യങ്ങളാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. നയതന്ത്ര ചർച്ചകൾക്ക് വഴിയൊരുക്കാനുള്ള ശ്രമങ്ങൾ തുടരുമ്പോഴും ഇരുരാജ്യങ്ങളും നിലപാട് കടുപ്പിക്കുന്നത് സംഘർഷം കൂടുതൽ വ്യാപിക്കുമോയെന്ന ആശങ്ക ശക്തമാക്കുന്നു.
