Home Keralaനെടുമ്പാശ്ശേരി അപകടക്കേസ്: സുഹൈലിന് 10 ദിവസം കൂടി കസ്റ്റഡി; ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്ക് ജാമ്യം

നെടുമ്പാശ്ശേരി അപകടക്കേസ്: സുഹൈലിന് 10 ദിവസം കൂടി കസ്റ്റഡി; ഒപ്പമുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾക്ക് ജാമ്യം

by news_desk1
0 comments

കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ ജീവനെടുത്ത വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് 10 ദിവസം കൂടി കസ്റ്റഡിയിൽ കഴിയേണ്ടിവരും. കാറിലുണ്ടായിരുന്ന സുഹൃത്തുക്കളായ ജോയൽ എസ്. ആന്റോ, നിനവ്, അമീൻ ഷാ എന്നിവർക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ പ്രതികളെ വിട്ടയക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി.

ഒക്ടോബർ 11നാണ് സുഹൈൽ ഓടിച്ചിരുന്ന ആഡംബര കാർ സ്കൂട്ടറിലിടിച്ച് അപകടമുണ്ടായത്. വയനാട് സ്വദേശിനി ദേവിക, പാലക്കാട് സ്വദേശിനി ഗോപിക, കർണാടകയിലെ സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. സുഹൈലിനൊപ്പം കാറിലുണ്ടായിരുന്ന ജോയൽ, നിനവ്, അമീൻ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്ട്രേറ്റ് കോടതിയിലും സെഷൻസ് കോടതിയിലും ജാമ്യാപേക്ഷകൾ നിരസിക്കപ്പെട്ടതോടെയാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

അപകടം നടന്നതുമുതൽ പ്രതികൾ കസ്റ്റഡിയിലാണെന്നും എല്ലാവരും വിദ്യാർഥികളാണെന്നും സുഹൈലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സുഹൈൽ ബി.കോം രണ്ടാം വർഷ വിദ്യാർഥിയാണ്. പഠനത്തിൽ മികവുള്ളയാളാണെന്നും അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും തെളിവുകളെല്ലാം ശേഖരിച്ചുകഴിഞ്ഞെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ദൗർഭാഗ്യകരമായ അപകടമാണ് സംഭവിച്ചതെന്നും ഇനി കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ ജാമ്യാപേക്ഷയെ പ്രോസിക്യൂഷനും മരിച്ചവരുടെ ബന്ധുക്കൾക്കുവേണ്ടി ഹാജരായ അഭിഭാഷകനും ശക്തമായി എതിർത്തു. മരിച്ചവരും മിടുക്കരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണെന്ന് ചൂണ്ടിക്കാട്ടിയ പ്രോസിക്യൂഷൻ, പ്രതികൾ മദ്യപിച്ചാണ് അമിതവേഗത്തിൽ വാഹനമോടിച്ചതെന്നതിന് തെളിവുകളുണ്ടെന്നും വ്യക്തമാക്കി. മണിക്കൂറിൽ 162 കിലോമീറ്റർ വേഗത്തിലായിരുന്നു കാറിന്റെ യാത്ര. മദ്യപിച്ച് ഇത്രയും വേഗത്തിൽ വാഹനമോടിച്ചാൽ അപകടമുണ്ടാകുമെന്ന് പ്രതികൾക്ക് അറിയാമായിരുന്നുവെന്നും വാദിച്ചു.

അപകടത്തിനുശേഷം പരിക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കാൻ കാറിലുണ്ടായിരുന്നവർ തയ്യാറായില്ലെന്നും പിതാവ് നോക്കിക്കൊള്ളുമെന്നായിരുന്നു ഒന്നാം പ്രതിയുടെ പ്രതികരണമെന്നും പ്രോസിക്യൂഷൻ ആരോപിച്ചു. സുഹൈൽ മുമ്പും അമിതവേഗത്തിൽ വാഹനമോടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. അപകടത്തിനുശേഷം ഈ ദൃശ്യങ്ങൾ നീക്കം ചെയ്തതായും സുഹൈൽ കസ്റ്റഡിയിലിരിക്കെയാണ് ഇത് സംഭവിച്ചതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

ഡിജിറ്റൽ തെളിവുകളുമായി ബന്ധപ്പെട്ട അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ജാമ്യം അനുവദിക്കുന്നത് കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കൗമാരക്കാർക്ക് പ്രോത്സാഹനമാകുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അന്വേഷണം പൂർത്തിയാക്കി തെളിവുകൾ ശേഖരിച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. എല്ലാം പൂർത്തിയായെങ്കിൽ പ്രതികളെ കസ്റ്റഡിയിൽ സൂക്ഷിക്കേണ്ടതെന്തിനാണെന്ന് വാക്കാൽ ചോദിച്ച കോടതി, വിചാരണ കഴിയുന്നതുവരെ കസ്റ്റഡിയിൽ വയ്ക്കാനാകില്ലെന്നും ജാമ്യം നിഷേധിക്കാൻ വ്യക്തമായ കാരണമുണ്ടാകണമെന്നും നിരീക്ഷിച്ചു.

തുടർന്നാണ് ഒന്നാം പ്രതി സുഹൈൽ സജീവിനെ 10 ദിവസം കൂടി കസ്റ്റഡിയിൽ തുടരാൻ അനുവദിക്കുകയും മറ്റ് മൂന്ന് പ്രതികൾക്ക് ജാമ്യം നൽകുകയും ചെയ്തത്.

You may also like