ഛണ്ഡീഗഢ്: പഞ്ചാബിൽ സർവീസ് നടത്തുകയായിരുന്ന കർമ്മഭൂമി എക്സ്പ്രസിന്റെ നാല് കോച്ചുകൾ കത്തിനശിച്ചു. രാജ്പുരയ്ക്ക് സമീപമുള്ള സർായ് ബഞ്ചാര റെയിൽവേ സ്റ്റേഷനടുത്ത് വെള്ളിയാഴ്ചയാണ് നടുക്കുന്ന സംഭവം നടന്നത്. ട്രെയിനിലെ പാൻട്രി കാറിൽ നിന്ന് ഉയർന്ന തീ നിമിഷങ്ങൾക്കകം തൊട്ടടുത്തുള്ള കോച്ചുകളിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. എന്നാൽ, കൃത്യസമയത്ത് ഫയർ അലാറം മുഴങ്ങിയതും യാത്രക്കാരെ വേഗത്തിൽ പുറത്തെത്തിക്കാനായതും തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവാക്കിയത്. സംഭവത്തിൽ ആളപായമോ പരിക്കോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
തീപിടിത്തത്തിന്റെ സൂചന ലഭിച്ച ഉടൻ തന്നെ ഫയർഫോഴ്സും ജില്ലാ ഭരണകൂടത്തിന്റെ വിദഗ്ധ സംഘവും മിനിറ്റുകൾക്കകം സ്ഥലത്തെത്തി രാവും പകലും പരിശ്രമിച്ച് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. സംഭവസ്ഥലത്തെത്തിയ പട്യാല ഡെപ്യൂട്ടി കമ്മീഷണർ ഹിമാൻഷു അഗർവാളാണ് യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. ബിഹാറിലേക്ക് സർവീസ് നടത്തുകയായിരുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.
അപകടവിവരം അറിഞ്ഞ് റെയിൽവേയിലെ മുതിർന്ന ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. അപകടത്തിലേക്ക് നയിച്ച വ്യക്തമായ സാഹചര്യങ്ങളും കോച്ചുകൾക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയും കണ്ടെത്താൻ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
