Home Kerala‘ജയിലിൽ ഒരു ദിവസം പോലും കിടന്നില്ല, ആശുപത്രിയിൽ സുഖവാസം’; തച്ചങ്കരിയോട് നുണകൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

‘ജയിലിൽ ഒരു ദിവസം പോലും കിടന്നില്ല, ആശുപത്രിയിൽ സുഖവാസം’; തച്ചങ്കരിയോട് നുണകൾ ആവർത്തിക്കരുതെന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

by news_desk1
0 comments

കൊച്ചി: വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടിയ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ശിക്ഷിക്കപ്പെട്ടിട്ടും ഒരു ദിവസം പോലും ജയിലിൽ കിടന്നിട്ടില്ലെന്നും ജയിലിൽ പോകേണ്ടിവരുമ്പോൾ ആശുപത്രിയിൽ കഴിയുകയായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. കോടതിക്കു മുന്നിൽ നുണകൾ ആവർത്തിക്കരുതെന്നും ഇത്തരത്തിലുള്ള നടപടികൾ ഗൗരവമായി കാണുമെന്നും ജസ്റ്റിസ് എ. ബദറുദീൻ മുന്നറിയിപ്പ് നൽകി.

തച്ചങ്കരിയുടെ ശിക്ഷാ കാലയളവിലെ മെഡിക്കൽ രേഖകൾ ജയിൽ സൂപ്രണ്ട് കോടതിയുടെ നിർദേശപ്രകാരം സമർപ്പിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും ബൈപാസ് ശസ്ത്രക്രിയ നടത്തിയതുമടക്കമുള്ള വിവരങ്ങൾ റിപ്പോർട്ടിലുണ്ട്. ഈ രേഖകൾ പരിശോധിച്ച കോടതി, ഇത്രയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുള്ള ഒരാൾക്ക് എങ്ങനെയാണ് വിദേശത്ത് ജോലിക്ക് പോകാൻ കഴിയുകയെന്ന് വാക്കാൽ ചോദിച്ചു.

ജയിലിൽ എത്തിയാൽ അവിടെ കഴിയാതിരിക്കാൻ ആശുപത്രിയിൽ പ്രവേശിക്കുമെന്നും പുറത്തിറങ്ങിയാൽ പൂർണ ആരോഗ്യവാനാകുമെന്നുമായിരുന്നു കോടതിയുടെ വിമർശനം. ജയിലിൽ പ്രവേശിച്ച തീയതി മുതൽ മോചിതനായ തീയതി വരെ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും ഒരു ദിവസം പോലും ജയിലിൽ കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആശുപത്രിയിൽ കഴിയുമ്പോൾ രോഗിയാണെന്നും പുറത്തുവന്നാൽ രോഗമില്ലെന്നും പറഞ്ഞ കോടതി, ദുബായിൽ പോയി ജോലി ചെയ്യണമെന്ന ആവശ്യവും പരാമർശിച്ചു.

ഇത്തരത്തിലുള്ള നിലപാടാണ് തുടരുന്നതെങ്കിൽ തച്ചങ്കരിയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മെഡിക്കൽ രേഖകൾ വിശദമായി പരിശോധിച്ചശേഷം വാദം കേൾക്കാമെന്നും വ്യക്തമാക്കി. കേസ് ഈ മാസം 12ന് വീണ്ടും പരിഗണിക്കും.

2003 മുതൽ 2007 വരെ ഔദ്യോഗിക പദവിയിലിരിക്കെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോട്ടയം വിജിലൻസ് കോടതിയാണ് തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. പിന്നീട് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു.

ഇതിനിടെയാണ് ഒരു ജ്വല്ലറി ഗ്രൂപ്പിൽ ജോലി ചെയ്യുകയാണെന്നും ജോലിയുടെ ഭാഗമായി ദുബായിലേക്ക് പോകാൻ ജാമ്യവ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്നും ആവശ്യപ്പെട്ട് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. ജയിലിൽ പോകുമ്പോൾ ഗുരുതര രോഗവും പുറത്തിറങ്ങിയാൽ സുഖവാസവുമെന്ന രീതി അംഗീകരിക്കാനാകില്ലെന്ന് കേസ് നേരത്തേ പരിഗണിച്ചപ്പോഴും കോടതി വിമർശിച്ചിരുന്നു.

You may also like