കാക്കനാട്ട് സ്വകാര്യ ബസിടിച്ച് ഐടി ജീവനക്കാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡ്രൈവർ ബിനോയിക്കെതിരെ ഏഴ് ക്രിമിനൽ കേസുകളുണ്ടെന്ന് പൊലീസ്. ഇതിൽ രണ്ട് ലഹരിക്കേസുകളും ഉൾപ്പെടുന്നു. തൃശൂർ സ്വദേശിനിയായ അക്ഷര (29) മരിച്ച അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗവുമാണെന്നാണ് എസിപിയുടെ പ്രാഥമിക വിലയിരുത്തൽ.
ജിമ്മിൽ പോയി മടങ്ങുന്നതിനിടെ വീതി കുറഞ്ഞ റോഡിന്റെ അരികിലൂടെ നടന്നുപോവുകയായിരുന്ന അക്ഷരയെ ബസ് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഫുട്പാത്ത് ഇല്ലാത്തതും റോഡിന്റെ വീതി കുറഞ്ഞതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചെന്നാണ് വിലയിരുത്തൽ. അപകടസമയത്ത് ബസ് അമിതവേഗത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
ഡ്രൈവറുടെ ലഹരി ഉപയോഗം പരിശോധിക്കുന്നതിനായി സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുറ്റകരമായ നരഹത്യ ചുമത്തിയാണ് ബിനോയിയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ റിമാൻഡിലാണ്. അപകടമുണ്ടാക്കിയ ബസും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സർവീസിനിടെ ഒരു ഇരുചക്രവാഹനം ബസിന് മുന്നിൽ മറിഞ്ഞതിനെത്തുടർന്ന് യാത്ര വൈകിയെന്നും അതിനാലാണ് വേഗത്തിൽ പോകേണ്ടിവന്നതെന്നുമാണ് ബിനോയ് പൊലീസിന് നൽകിയ മൊഴി. എന്നാൽ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ എതിർദിശയിൽ വന്ന മറ്റൊരു ബസ് വേഗം കുറച്ച് കടന്നുപോകുന്നത് കാണാം.
