Home Keralaപിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണം; രാഷ്ട്രപതിയെ നേരിട്ട് കണ്ട് ബിജെപി സംഘം

പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണം; രാഷ്ട്രപതിയെ നേരിട്ട് കണ്ട് ബിജെപി സംഘം

by news_desk1
0 comments

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ട് ബിജെപി രാഷ്ട്രപതിയെ സമീപിച്ചു. പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശയിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള സംഘം രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ടു. രാജ്യസഭാംഗങ്ങളായ സി. സദാനന്ദൻ, പി.ടി. ഉഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

പിഎസ്‌സിയിൽ വ്യാപകമായ ക്രമക്കേടും സ്വജനപക്ഷപാതവും നടക്കുന്നുവെന്നും കമ്മിഷന്റെ വിശ്വാസ്യത സംരക്ഷിക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യപ്പെട്ട് സംഘം നിവേദനം നൽകി. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട കമ്മിഷൻ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങി പ്രവർത്തിക്കുന്നുവെന്ന ആരോപണവും നിവേദനത്തിലുണ്ട്.

ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ 58 മാർക്കിന്റെ പത്ത് ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയെന്നാണ് പ്രധാന ആരോപണം. അനർഹനായ ഒരാൾക്ക് ഒന്നാം റാങ്ക് ലഭിക്കാനാണ് ഇത്തരത്തിൽ ചോദ്യങ്ങൾ ഒഴിവാക്കിയതെന്നും പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് 180 പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ബിജെപി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന ഗവർണറുടെ ശുപാർശ പരിഗണിക്കണമെന്നും രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു. വിഷയത്തിൽ സർക്കാർ ഒത്തുകളിക്കുകയാണെന്നും ബിജെപി ആരോപിച്ചു.

സർക്കാരുമായി ആലോചിക്കാതെ പിഎസ്‌സിക്കെതിരെ രാഷ്ട്രപതിക്ക് ശുപാർശ നൽകിയ ഗവർണറുടെ നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തെ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി രാഷ്ട്രപതിയെ നേരിട്ട് സമീപിച്ചത്. പരീക്ഷാ ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മുൻ ഗവർണർ രാജേന്ദ്ര അർലേക്കറാണ് രാഷ്ട്രപതിക്ക് ശുപാർശ നൽകിയത്.

You may also like