തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ അഴിമതി ആരോപണത്തിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് വിജിലൻസ്. രണ്ടാമത്തെ കേസിലും പ്രാഥമിക അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് വൺ എസ്.പി. ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം. കരാറുകാരൻ വി.ഒ. സാജൻ നൽകിയ പരാതിയിലാണ് നടപടി. ആദ്യ കേസിന്റെ അന്വേഷണ ചുമതലയും ഇമ്മാനുവൽ പോളിനായിരുന്നു.
ഗ്യാനേഷ് കുമാർ സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. കെ.എസ്.ടി.പി. റോഡ് നിർമാണക്കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനിയായ പതിബെലിലെ എൻജിനിയർ ലീ സീ ബെൻ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ടാണ് ആരോപണം. 2007ൽ രജിസ്റ്റർ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലൻസ് അന്വേഷണം പുനരാരംഭിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജൻ വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിലാണ് പുതിയ അന്വേഷണനടപടി. ഏകദേശം 17 കോടി രൂപയുടെ ബില്ലുകൾ പാസാക്കുന്നതിന് ഗ്യാനേഷ് കുമാർ രണ്ട് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി ലീ സീ ബെൻ തന്നോട് പറഞ്ഞിരുന്നുവെന്നാണ് സാജന്റെ പരാതി.
എൻജിനിയർമാർ അംഗീകരിച്ച ബില്ലുകൾ 2006 മേയ് മുതൽ അകാരണമായി തടഞ്ഞുവെച്ചിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നു. ലീ സീ ബെന്നിന്റെ ആത്മഹത്യാക്കുറിപ്പിൽ ഗ്യാനേഷ് കുമാറിന്റെ പേരുണ്ടായിരുന്നുവെന്ന് നേരത്തെ വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ആദ്യഘട്ട വിജിലൻസ് അന്വേഷണത്തിൽ ഗ്യാനേഷ് കുമാറിനെ ചോദ്യം ചെയ്തിരുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
