കൊച്ചി: കാലടി സർവകലാശാലയിൽ പരീക്ഷാ നിരീക്ഷകനായി ചുമതലപ്പെടുത്തിയവരിൽ അതേ ക്യാമ്പസിലെ പി.ജി. വിദ്യാർഥിയും. സർവകലാശാലയിലെ എം.എ. ഫിലോസഫി ഒന്നാം വർഷ വിദ്യാർഥിയും സിൻഡിക്കേറ്റ് അംഗവുമായ അനിസൺ കെ. ജോയിയെയാണ് പരീക്ഷാ നിരീക്ഷകനായി നിയമിച്ചത്. ഉന്നതവിദ്യാഭ്യാസ വിദഗ്ധരുടെ വിഭാഗത്തിലാണ് അനിസൺ സിൻഡിക്കേറ്റിലെത്തിയത്. നിയമനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തി.
പരീക്ഷാ നടത്തിപ്പിന്റെ മേൽനോട്ടത്തിനായാണ് സിൻഡിക്കേറ്റ് അംഗങ്ങളെ നിരീക്ഷകരായി നിയോഗിച്ചത്. പരീക്ഷയുടെ ചുമതലയുള്ള പ്രൊഫസർമാരാണ് നിരീക്ഷകരെ നിർദേശിച്ചത്. തുടർന്ന് വൈസ് ചാൻസലർ അംഗീകാരം നൽകി ഉത്തരവിറക്കുകയായിരുന്നു. അനിസണു പുറമെ മറ്റ് രണ്ടുപേരെയും കാലടി കേന്ദ്രത്തിൽ നിരീക്ഷകരായി നിയമിച്ചിട്ടുണ്ട്.
അനിസണെ നിരീക്ഷകനാക്കിയതിനെ ചോദ്യം ചെയ്താണ് ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ അനിസൺ സർവകലാശാലയിൽ പി.ജി. ഒന്നാം വർഷ വിദ്യാർഥിയാണെന്നും, അതേ ക്യാമ്പസിലെ മറ്റ് വിദ്യാർഥികൾ പരീക്ഷ എഴുതുമ്പോൾ വിദ്യാർഥിയായിരിക്കെ തന്നെ നിരീക്ഷകന്റെ ചുമതല വഹിക്കുന്നത് അസാധാരണമാണെന്നും സംഘടന ആരോപിച്ചു.
ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോണിന്റെ വലംകൈ എന്ന നിലയിലാണ് അനിസൺ ഉന്നതവിദ്യാഭ്യാസ വിദഗ്ധനെന്ന വിഭാഗത്തിൽ സിൻഡിക്കേറ്റിലെത്തിയതെന്നും ഡി.വൈ.എഫ്.ഐ ആരോപിച്ചു.
അതേസമയം, താൻ ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് അനിസൺ കെ. ജോയിയുടെ വിശദീകരണം. നിലവിൽ ബിരുദം മാത്രമാണ് അനിസണിന്റെ വിദ്യാഭ്യാസ യോഗ്യത.
