തൃശൂർ: പുതുക്കാട് എ.ടി.എം. കൗണ്ടർ കട്ടർ ഉപയോഗിച്ച് തകർത്ത് പണം കവരാനുള്ള ശ്രമം പരാജയപ്പെട്ടത് പ്രതിക്ക് വിനയായി. മെഷീൻ മുറിക്കുന്നതിനിടെ കട്ടറിന്റെ രണ്ട് ബ്ലേഡുകൾ ഒടിഞ്ഞതോടെ മോഷണം ഉപേക്ഷിച്ച് രക്ഷപ്പെട്ട 30കാരനെ ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടി. കട്ടർ ഉപയോഗിക്കുന്നതിലെ പരിചയക്കുറവും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങളുമാണ് പ്രതിയിലേക്ക് എത്താൻ നിർണായകമായത്.
കല്ലൂർ കോട്ടായി ആഴ്ചങ്ങാടൻ വീട്ടിൽ ജിതിനാണ് (30) അറസ്റ്റിലായത്. ഒക്ടോബർ 30ന് പുലർച്ചെയായിരുന്നു പുതുക്കാട് എ.ടി.എം. സെന്ററിൽ കവർച്ചാശ്രമം നടന്നത്. സാമ്പത്തിക ബാധ്യത തീർക്കാനാണ് മോഷണത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
ആഡംബര ജീവിതത്തിനായി ജിതിൻ വായ്പാ ആപ്പുകൾ വഴിയും നാട്ടുകാരിൽനിന്ന് പലിശയ്ക്കും പണം കടം വാങ്ങിയിരുന്നു. യൂബർ ടാക്സി ഡ്രൈവറായ ഇയാൾക്ക് ഇതോടെ വലിയ സാമ്പത്തിക ബാധ്യതയുണ്ടായി. ഈ കടം തീർക്കാനാണ് മോഷണത്തിന് പദ്ധതിയിട്ടത്. സമൂഹമാധ്യമങ്ങളിൽ സമാനമായ മോഷണരീതികൾ പരിശോധിച്ച ശേഷമായിരുന്നു ആസൂത്രണം. കൂടുതൽ എ.ടി.എം. കൗണ്ടറുകളിലും മോഷണം നടത്താൻ ഇയാൾ പദ്ധതിയിട്ടിരുന്നതായും പൊലീസ് വ്യക്തമാക്കി. കവർച്ചാശ്രമത്തിന് മൂന്ന് ദിവസം മുൻപ് ഇതേ എ.ടി.എം. കൗണ്ടറിൽനിന്ന് ജിതിൻ പണം പിൻവലിച്ചിരുന്നു.
സംഭവദിവസം കാറിലെത്തിയ ജിതിൻ എ.ടി.എം. സെന്ററിന് എതിർവശത്തുള്ള പഞ്ചായത്ത് ഓഫീസിന് സമീപം വാഹനം നിർത്തി. തുടർന്ന് വസ്ത്രം മാറി ഹെൽമെറ്റും മാസ്കും ധരിച്ചാണ് കൗണ്ടറിനുള്ളിൽ പ്രവേശിച്ചത്. അകത്തെയും കൗണ്ടറിലെയും നിരീക്ഷണ ക്യാമറകളിൽ സ്പ്രേ ചെയ്ത ശേഷമാണ് എ.ടി.എം. മെഷീൻ കട്ടർ ഉപയോഗിച്ച് മുറിക്കാൻ ശ്രമിച്ചത്. എന്നാൽ ഇതിനിടെ കട്ടറിന്റെ രണ്ട് ബ്ലേഡുകൾ ഒടിഞ്ഞതോടെ ശ്രമം ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു.
ആദ്യഘട്ടത്തിൽ വ്യക്തമായ തെളിവുകളൊന്നും ലഭിക്കാതിരുന്ന കേസിൽ ആറ് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. സംസ്ഥാനത്തെ എ.ടി.എം. മോഷ്ടാക്കളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യ പരിശോധന. ജില്ലയിൽ ഇത്തരത്തിലുള്ള ഏഴുപേരെ കണ്ടെത്തി പരിശോധിച്ചെങ്കിലും കട്ടർ ഉപയോഗിക്കുന്നതിലെ പരിചയക്കുറവ് പ്രതി പ്രൊഫഷണൽ മോഷ്ടാവല്ലെന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചു.
തുടർന്ന് പുതുക്കാട് ദേശീയപാതയോരത്തെ എ.ടി.എം. കൗണ്ടറിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ദിവസങ്ങളോളം പരിശോധിച്ചു. ഇതിലൂടെയാണ് ജിതിനിലേക്ക് അന്വേഷണം എത്തിയത്. പുതുക്കാട് പൊലീസിനൊപ്പം ഡാൻസാഫ്, ഷാഡോ പൊലീസ് സംഘങ്ങളും അന്വേഷണത്തിൽ പങ്കാളികളായി. പ്രതിയെ പിടികൂടിയ വിവരം ചാലക്കുടി ഡിവൈ.എസ്.പി. ജെ. കുര്യാക്കോസാണ് അറിയിച്ചത്.
