Home Keralaജാമ്യത്തിലിറങ്ങി മുങ്ങി; 30 വർഷത്തിനുശേഷം മാർത്ത കൊലക്കേസ് പ്രതി പിടിയിൽ

ജാമ്യത്തിലിറങ്ങി മുങ്ങി; 30 വർഷത്തിനുശേഷം മാർത്ത കൊലക്കേസ് പ്രതി പിടിയിൽ

by news_desk1
0 comments

തൃശൂർ: മൂന്ന് പതിറ്റാണ്ടായി പൊലീസിനെ വെട്ടിച്ച് ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതി ഒടുവിൽ പിടിയിൽ. 1995ൽ തൃശൂർ നഗരത്തെ നടുക്കിയ മാർത്ത കൊലക്കേസിലെ പ്രതിയായ കൃഷ്ണകുമാറിനെയാണ് നീണ്ട അന്വേഷണത്തിനൊടുവിൽ പൊലീസ് പിടികൂടിയത്. ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ ഇയാൾ പേരിലും വിലാസത്തിലും മാറ്റം വരുത്തി കൊല്ലം കുണ്ടറയിൽ കുടുംബത്തോടൊപ്പം താമസിച്ചുവരികയായിരുന്നു. വെൽഡിങ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രതിയെ പൊലീസ് തന്ത്രപൂർവമാണ് കസ്റ്റഡിയിലെടുത്തത്.

1995ലായിരുന്നു സ്വർണം അപഹരിക്കാനായി രണ്ട് യുവാക്കൾ ചേർന്ന് മാർത്തയെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസിൽ ചാലക്കുടി സ്വദേശി പ്രസാദ് (19), ഒറ്റപ്പാലം അമ്പലപ്പാറ സ്വദേശി കൃഷ്ണകുമാർ (18) എന്നിവരായിരുന്നു പ്രതികൾ. അറസ്റ്റിലായതിന് പിന്നാലെ കൃഷ്ണകുമാർ ജാമ്യത്തിലിറങ്ങി ഒളിവിൽ പോകുകയായിരുന്നു. തുടർന്ന് ഇയാൾക്കെതിരെ കോടതി ദീർഘകാലമായി നിലനിൽക്കുന്ന വാറണ്ട് പുറപ്പെടുവിച്ചു. വിചാരണ നടപടികൾ ആരംഭിച്ചെങ്കിലും പ്രതിയെ കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല.

വർഷങ്ങളായി തുടരുന്ന അന്വേഷണം ഫലപ്രാപ്തിയിലെത്തിക്കാനായി തൃശൂർ മേഖലാ ഡി.ഐ.ജിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ്, എ.സി.പി. രാജേഷ് ടി.ആർ., ഈസ്റ്റ് സി.ഐ. നന്ദകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. 2022 മുതൽ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി വെസ്റ്റ് എസ്.ഐ. ആദർശിന്റെ നേതൃത്വത്തിൽ ഷനോജ്, ഹരീഷ്, ദീപക്, അജ്മൽ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം ഏറ്റെടുത്തത്.

പേരിലും മറ്റ് വിവരങ്ങളിലും ചെറിയ മാറ്റങ്ങൾ വരുത്തി ഉത്തർപ്രദേശിലെ മീററ്റിൽ ഇയാൾ ഒളിവിൽ കഴിയുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം മീററ്റിലെത്തി അന്വേഷണം നടത്തി. എന്നാൽ, ഏകദേശം 15 വർഷം മുൻപ് മീററ്റിൽവെച്ച് കൊല്ലം സ്വദേശിനിയായ യുവതിയെ വിവാഹം കഴിച്ച് ഇയാൾ നാട്ടിലേക്ക് മടങ്ങിയതായി കണ്ടെത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം കുണ്ടറയിൽ വ്യാജ മേൽവിലാസത്തിൽ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം താമസിക്കുന്നതായി വ്യക്തമായത്. കഴിഞ്ഞ 15 വർഷമായി അവിടെ വെൽഡിങ് ജോലി ചെയ്തുവരികയായിരുന്നു. ഇതോടെ ഉത്തർപ്രദേശിൽനിന്ന് കൊല്ലത്തേക്ക് മടങ്ങിയ അന്വേഷണസംഘം വെൽഡിങ് ജോലിയിൽ ഏർപ്പെട്ടിരുന്ന പ്രതിയെ തന്ത്രപൂർവം പിടികൂടി.

2025 ഒക്ടോബറിലും പ്രതിയെ തേടി പൊലീസ് മീററ്റിലെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ടോളം നീണ്ട ഒളിവുജീവിതത്തിനാണ് ഇതോടെ അവസാനമായത്.

You may also like