Home Keralaകൊച്ചി കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റം; കാളിരാജ് മഹേഷ് കുമാറിന് ക്രൈംബ്രാഞ്ചിൽ നിർണായക ചുമതല, രണ്ട് ഐപിഎസുകാർക്ക് സ്ഥലംമാറ്റം

കൊച്ചി കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റം; കാളിരാജ് മഹേഷ് കുമാറിന് ക്രൈംബ്രാഞ്ചിൽ നിർണായക ചുമതല, രണ്ട് ഐപിഎസുകാർക്ക് സ്ഥലംമാറ്റം

by news_desk1
0 comments

തിരുവനന്തപുരം: സംസ്ഥാന പൊലീസ് തലപ്പത്ത് അഴിച്ചുപണി. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവും പുതിയ നിയമനവും നൽകി സർക്കാർ ഉത്തരവിറക്കി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയ കാളിരാജ് മഹേഷ് കുമാർ ഐപിഎസിനെ ക്രൈംസ്-II ഐ.ജിയായി നിയമിച്ചു. തീവ്രവാദ വിരുദ്ധ സേനയുടെ ഡിഐജി ചുമതലയും അദ്ദേഹം അധികമായി വഹിക്കും.

കെ.എസ്.ഇ.ബി. വിജിലൻസ് ഓഫീസറായിരുന്ന എൻ. രാജൻ ഐപിഎസിനെ സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എസ്.പി. (അഡ്മിനിസ്ട്രേഷൻ) ആയി നിയമിച്ചു. തിരുവനന്തപുരത്താണ് പുതിയ ചുമതല.

കൊച്ചിയിലെ ക്രമസമാധാന പരിപാലനത്തിലും നഗരസുരക്ഷയിലും ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ ഉദ്യോഗസ്ഥനാണ് കാളിരാജ് മഹേഷ് കുമാർ. സംസ്ഥാനത്ത് തീർപ്പാകാതെ കിടക്കുന്ന പ്രധാനപ്പെട്ടതും ഗുരുതരവുമായ കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിൽ ഇനി അദ്ദേഹത്തിന് നിർണായക ചുമതലയുണ്ടാകും. ക്രൈംബ്രാഞ്ചിലെ പുതിയ നിയമനം അന്വേഷണങ്ങൾക്ക് കൂടുതൽ വേഗവും കാര്യക്ഷമതയും നൽകുമെന്നാണ് വിലയിരുത്തൽ.

സാമ്പത്തിക തട്ടിപ്പുകൾ, ഡിജിറ്റൽ കുറ്റകൃത്യങ്ങൾ, ഹൈടെക് കൊലപാതകങ്ങൾ തുടങ്ങിയവ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചിൽ പരിചയസമ്പന്നനായ ഉദ്യോഗസ്ഥന് ചുമതല നൽകിയത്. വിവിധ ജില്ലകളിൽ ജില്ലാ പൊലീസ് മേധാവിയായും മറ്റ് ഉന്നത പദവികളിലും പ്രവർത്തിച്ച അനുഭവസമ്പത്തും കാളിരാജ് മഹേഷ് കുമാറിനുണ്ട്.

You may also like