ലോകോത്തര സാങ്കേതികവിദ്യയും വമ്പൻ താരനിരയും അണിനിരക്കുന്ന നിതേഷ് തിവാരിയുടെ ‘രാമായണ’ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ദൃശ്യവിസ്മയങ്ങളിലൊന്നാകുമെന്നാണ് പ്രതീക്ഷ. എന്നാൽ ചിത്രം പുറത്തിറങ്ങുന്നതിന് മുൻപുതന്നെ സീതയായി എത്തുന്ന സായ് പല്ലവിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സീതയുടെ രൂപഭംഗിയും നിറവും നടിക്കില്ലെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാൽ അഭിനയമികവുകൊണ്ട് ഈ വിമർശനങ്ങളെയെല്ലാം മറികടന്നിരിക്കുകയാണ് സായ് പല്ലവി. ചിത്രത്തിലെ നടിയുടെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
ലാളിത്യവും നിഷ്കളങ്കതയും ഭാവസാന്ദ്രമായ കണ്ണുകളും ആഴമേറിയ വികാരങ്ങളും കൊണ്ട് സായ് പല്ലവി സീതയ്ക്ക് ജീവൻ നൽകിയെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ. നടി പ്രത്യക്ഷപ്പെടുന്ന ഓരോ രംഗത്തിലും ദിവ്യമായ പ്രഭാവം അനുഭവപ്പെടുന്നുവെന്നും സമൂഹമാധ്യമങ്ങളിൽ പലരും കുറിക്കുന്നു.
തമിഴ്, തെലുങ്ക്, മലയാളം സിനിമകളിലെ സായ് പല്ലവിയുടെ പ്രകടനങ്ങൾ കണ്ടിട്ടുള്ളവർക്ക് ഒരു കഥാപാത്രത്തെ എത്രത്തോളം മികച്ച രീതിയിൽ അവതരിപ്പിക്കാൻ കഴിയുമെന്ന് അറിയാമെന്നും അവർ രാജ്യത്തെ ഏറ്റവും മികച്ച നടിമാരിൽ ഒരാളാണെന്നും ആരാധകർ അഭിപ്രായപ്പെടുന്നു. സീതാദേവിയെ അവതരിപ്പിക്കാൻ ഏറ്റവും അനുയോജ്യയായ താരം സായ് പല്ലവി തന്നെയാണെന്നും ഒരൊറ്റ ദൃശ്യത്തിൽ പോലും ലാളിത്യവും ദൈവികതയും നിറയ്ക്കാൻ അവർക്ക് കഴിഞ്ഞുവെന്നും പ്രശംസകളുണ്ട്.
ഗ്ലാമറിന്റെ പിൻബലമില്ലാതെ തന്നെ അഭിനയമികവിലൂടെ സിനിമാലോകത്ത് തന്റേതായ ഇടം നേടിയ താരമാണ് സായ് പല്ലവിയെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു. വേഷപ്പകർച്ചയെക്കാൾ കഥാപാത്രത്തിന്റെ ആത്മാവിനെ ഉൾക്കൊള്ളുന്ന പ്രകടനമാണ് നടി കാഴ്ചവെച്ചതെന്നാണ് പ്രേക്ഷകപ്രശംസയുടെ കാതൽ.
ഏകദേശം 4,000 കോടി രൂപ ബജറ്റിലാണ് ‘രാമായണ’ ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗമാണ് ഇപ്പോൾ റിലീസിനെത്തിയിരിക്കുന്നത്.
