ഗുരുവായൂർ: ഇൻസ്റ്റഗ്രാമിൽ അയച്ച ഒരു ഹായ് സന്ദേശത്തിൽ തുടങ്ങി വിവാഹത്തിലെത്തിയ പ്രണയം. ‘കുടുംബവിളക്ക്’ പരമ്പരയിലൂടെ ശ്രദ്ധേയയായ നടി അമൃത നായർ വിവാഹിതയായി. ബിസിനസുകാരനായ അഖിലാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
വിവാഹത്തിന് പിന്നാലെ ചിത്രങ്ങളും വിവാഹത്തിനു മുന്നോടിയായി നടത്തിയ ഫോട്ടോഷൂട്ടിന്റെ ദൃശ്യങ്ങളും അമൃത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. “പുതിയൊരു ജീവിതത്തിലേക്ക്, ഒരുപാട് സ്വപ്നങ്ങളുമായി” എന്ന കുറിപ്പോടെയാണ് താരം വിവാഹചിത്രങ്ങൾ ആരാധകരുമായി പങ്കിട്ടത്.
ഇളംനീല കരയുള്ള കസവുസെറ്റുമുണ്ടും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് കേരളീയ വധുവിന്റെ ലുക്കിലായിരുന്നു അമൃത വിവാഹത്തിനെത്തിയത്. താലികെട്ടിനിടെ താരം വികാരഭരിതയാകുന്ന ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. വിവാഹദിവസം രാവിലെ അമൃതയും കുടുംബാംഗങ്ങളും ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നതിന്റെ വീഡിയോകളും പ്രചരിച്ചിരുന്നു.
വിവാഹം ഒന്നര വർഷത്തോളം രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്ന് അമൃത വെളിപ്പെടുത്തി. രാവിലെ ആറിനായിരുന്നു താലികെട്ട്. അഖിൽ തന്റെ സുഹൃത്തിന്റെ അടുത്ത സുഹൃത്താണെന്നും ഇൻസ്റ്റഗ്രാമിൽ വെറുതെ ഒരു ‘ഹായ്’ അയച്ചതാണ് ബന്ധത്തിന്റെ തുടക്കമെന്നും താരം പറഞ്ഞു.
ആദ്യം രജിസ്റ്റർ വിവാഹം നടത്താനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാൽ ഗുരുവായൂരിൽവച്ച് വിവാഹം നടത്തണമെന്നത് അമ്മയുടെ നിർബന്ധമായിരുന്നുവെന്ന് അമൃത വ്യക്തമാക്കി. മറ്റ് ആഘോഷങ്ങളൊന്നുമില്ലാതെ ലളിതമായ ചടങ്ങായാണ് വിവാഹം നടത്തിയത്.
