കോഴിക്കോട്: സംസ്ഥാന സ്കൂൾ കായികമേളയിൽ വിളമ്പിയ സാമ്പാറിൽ പുഴുവിനെ കണ്ടെന്ന ആരോപണത്തെച്ചൊല്ലി വിവാദം. ആരോപണം ഉന്നയിച്ച പെരുമ്പാവൂർ വെങ്ങോല ശലേം സ്കൂളിലെ കായികാധ്യാപകൻ ജിജോ ജെയിംസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കായികമേളയ്ക്കിടെ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചെന്നും സാമ്പാറിൽനിന്ന് ലഭിച്ചതെന്ന വ്യാജേന പുഴുവിനെ പ്രദർശിപ്പിച്ചെന്നുമാണ് എഫ്‌ഐആറിലെ ആരോപണം.
കായികമേളയ്ക്കിടെ ഇന്നലെ രാവിലെയാണ് സാമ്പാറിൽ പുഴുവുണ്ടെന്ന ആരോപണം ഉയർന്നത്. സംഭവം വലിയ ചർച്ചയായതോടെ തനിക്ക് പരാതിയില്ലെന്ന് അധ്യാപകൻ എഴുതി നൽകിയിരുന്നു. എന്നാൽ, പിന്നീട് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അധ്യാപകന്റെ ആരോപണം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പൂർണമായും തള്ളി. കടുത്ത രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായി ചിലർ പ്രവർത്തിക്കുകയാണെന്നും അധ്യാപകന്റേത് നാടകമാണെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ആരോപണത്തിനു പിന്നാലെ ഭക്ഷണം പരിശോധിച്ചെങ്കിലും പുഴുവിനെ കണ്ടെത്താനായില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. പുഴുവിനെ കൊണ്ടുവന്ന് പ്രയോഗിക്കുന്നത് ജോലി ചെയ്യുന്ന സ്ത്രീകൾ കണ്ടതായും അദ്ദേഹം ആരോപിച്ചു. നാലു മണിക്കൂറോളം തിളച്ച സാമ്പാറിൽ ജീവനുള്ള പുഴു ഉണ്ടാകുമോയെന്നും മന്ത്രി ചോദിച്ചു.
