Home Keralaകോവളം സ്പാ പീഡനക്കേസ്: താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

കോവളം സ്പാ പീഡനക്കേസ്: താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

by news_desk1
0 comments

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കോവളത്തെ സ്പായിലെത്തിച്ച് ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന കേസിൽ ഇടനിലക്കാരിയായി പ്രവർത്തിച്ചെന്ന സംശയത്തിൽ വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ. നഗരൂർ പഞ്ചായത്തിനു കീഴിൽ താൽക്കാലിക ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലി ചെയ്യുന്ന മായ (42)യെയാണ് കോവളം പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ നേരത്തേ അറസ്റ്റിലായ കോർപറേഷൻ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനുരൂപിന്റെ അടുത്ത സുഹൃത്താണ് മായ. സ്പാകളിൽനിന്നുള്ള വരുമാനം ഇരുവരും പങ്കിട്ടിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ആന്ധ്ര സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്പായിലെത്തിച്ചതിൽ മായയ്ക്ക് പങ്കുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്. മായയെ ചോദ്യം ചെയ്യുന്നതിലൂടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

പെൺകുട്ടിയുടെ ഇളയമ്മയും ഭർത്താവും ഉൾപ്പെടെ അഞ്ചുപേരെയാണ് കേസിൽ നേരത്തേ അറസ്റ്റ് ചെയ്തത്. സ്പായിൽ ജോലി ചെയ്തിരുന്ന പെൺകുട്ടി സഹപ്രവർത്തകനായ യുവാവിനൊപ്പം പോയതോടെയാണ് പീഡനവിവരം പുറത്തുവന്നത്. തുടർന്ന് കേരളത്തിൽനിന്ന് ആന്ധ്രയിലേക്ക് പോയ ഇളയമ്മയെയും ഭർത്താവിനെയും അവിടെനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. സ്പാ നടത്തിപ്പുകാരായ രണ്ടുപേരെയും പിടികൂടിയിരുന്നു. കേസിൽ അറസ്റ്റിലായ എല്ലാവരും നിലവിൽ റിമാൻഡിലാണ്.

You may also like