തിരുവനന്തപുരം: ലഹരിമാഫിയക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാനിൽ ഇതുവരെ 15,013 പേർ അറസ്റ്റിലായി. വിവിധ പരിശോധനകളിലായി 13,911 കേസുകൾ രജിസ്റ്റർ ചെയ്തു. ലഹരിവസ്തുക്കളുടെ വൻശേഖരവും ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം 69 കേസുകളിലായി 74 പേരെ കൂടി അറസ്റ്റ് ചെയ്തതോടെയാണ് ആകെ കേസുകളുടെ എണ്ണം 13,911 ആയത്. ഇതുവരെ 28,463.083 ഗ്രാം എംഡിഎംഎ, 1,907.475 കിലോഗ്രാം കഞ്ചാവ്, 7,260.352 ഗ്രാം ഹാഷിഷ് ഓയിൽ, 468.700 ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മാൾ ക്വാണ്ടിറ്റി കൈവശംവച്ചതിന് 24 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശംവച്ചതിന് രണ്ട് കേസുകളും ഉൾപ്പെടുന്നു. എൻഡിപിഎസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ നിയമപ്രകാരം 23 കേസുകളും രജിസ്റ്റർ ചെയ്തു. ഇവരിൽനിന്ന് 2.580 ഗ്രാം എംഡിഎംഎ, 12.717 കിലോഗ്രാം കഞ്ചാവ്, ഒരു ഗ്രാം ഹാഷിഷ് ഓയിൽ, അഞ്ച് ഗ്രാം ചരസ് എന്നിവ പിടിച്ചെടുത്തു.
ലഹരിവിരുദ്ധ ബോധവത്കരണവും പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം 49 ക്ലാസുകൾ നടത്തി. ഇതുവരെ 11,604 ബോധവത്കരണ ക്ലാസുകളും 1,051 കൗൺസിലിങ്ങുകളും സംഘടിപ്പിച്ചു. സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 8,052 ബോധവത്കരണ പരിപാടികളും നടത്തി.
ലഹരിവിൽപ്പന സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസിനെ നേരിട്ടോ വാട്സ്ആപ്പ് മുഖേനയോ അറിയിക്കാം. ഫോൺ: 9497979794, 9497927797. വാട്സ്ആപ്പ്: 9995966666. വിവരങ്ങൾ കൈമാറുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.
