Home Kerala‘നാല് ആവശ്യങ്ങൾ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്’; ഉത്തരവിറങ്ങിയില്ല, നിരാഹാരം തുടരുമെന്ന് വളർമതി

‘നാല് ആവശ്യങ്ങൾ അംഗീകരിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്’; ഉത്തരവിറങ്ങിയില്ല, നിരാഹാരം തുടരുമെന്ന് വളർമതി

by news_desk1
0 comments

തിരുവനന്തപുരം: എൽ.പി.എസ്.ടി. റാങ്ക് ഹോൾഡർമാരുടെ സമരത്തിൽ നാല് ആവശ്യങ്ങൾ അംഗീകരിച്ചെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിയമസഭയിലെ വാദം തള്ളി സമരസമിതി സെക്രട്ടറി വളർമതി. ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ഉത്തരവിറങ്ങിയിട്ടില്ലെന്നും ഉത്തരവ് ഉണ്ടാകുന്നതുവരെ നിരാഹാരസമരം തുടരുമെന്നും അവർ വ്യക്തമാക്കി. അധ്യാപക–വിദ്യാർഥി അനുപാതം കുറച്ചില്ലെങ്കിൽ റാങ്ക് പട്ടികയിൽനിന്ന് ഇനി ഒരാൾക്കുപോലും നിയമനം ലഭിക്കില്ലെന്നും വളർമതി മുന്നറിയിപ്പ് നൽകി.

സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം അംഗീകരിച്ചെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. വിദ്യാഭ്യാസമന്ത്രി എട്ടുതവണ സമരക്കാരുമായി ചർച്ച നടത്തിയെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. എന്നാൽ, ആവശ്യങ്ങൾ അംഗീകരിച്ചെന്ന പ്രഖ്യാപനം മാത്രം പോരെന്നും ഔദ്യോഗിക ഉത്തരവ് ഇറങ്ങണമെന്നും വളർമതി ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തായിരുന്നപ്പോൾ അധ്യാപക–വിദ്യാർഥി അനുപാതം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടവർ ഇപ്പോൾ അത് എങ്ങനെ പെട്ടെന്ന് നടപ്പാക്കാനാകുമെന്ന് ചോദിക്കുകയാണെന്നും വളർമതി വിമർശിച്ചു. സംസ്ഥാനത്തെ അധ്യാപക–വിദ്യാർഥി അനുപാതം 1:25 ആയി കുറയ്ക്കണമെന്നാണ് സമരക്കാരുടെ പ്രധാന ആവശ്യം.

അതേസമയം, കഴിഞ്ഞ അഞ്ചുവർഷം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തിയവരെ തിരിഞ്ഞുനോക്കാതിരുന്നവർ ഇപ്പോൾ തല മുണ്ഡനം ചെയ്ത ചിത്രവുമായി നടക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. എൽ.പി.എസ്.ടി. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടും നിയമനം ലഭിക്കാത്തതിനെതിരെ ഓൾ കേരള എൽ.പി.എസ്.ടി. റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരത്തിനിടെയാണ് വളർമതി തല മുണ്ഡനം ചെയ്തത്.

മുഖ്യമന്ത്രിയെ കാണാൻ പലതവണ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് വളർമതി പറഞ്ഞു. നിയമസഭാ സമ്മേളനവും തുടർന്നുള്ള അവധി ദിവസങ്ങളും കാരണം കൂടിക്കാഴ്ച നടന്നില്ലെന്നാണ് അവരുടെ വിശദീകരണം. സമരക്കാരോട് 45 ദിവസം സമയം ചോദിച്ചത് സമരം തകർക്കാനുള്ള നീക്കമായേ കാണാനാകൂവെന്നും അവർ ആരോപിച്ചു.

ഇതിനിടെ, കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ (കെ.എ.എസ്.) നിയമനവുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിമർശിച്ചു. കേഡർ തസ്തികയിൽ 32 ഒഴിവുകളുണ്ടാകുമെന്ന് പി.എസ്.സിയെ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ നിയമനനടപടികൾ ആരംഭിച്ചെങ്കിലും പിന്നീട് രണ്ട് ഒഴിവുകൾ മാത്രമാണുള്ളതെന്ന് അറിയിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. എൽ.ഡി.എഫ് സർക്കാരിന്റെ ബുദ്ധിശൂന്യമായ നടപടികളാണ് ഈ പ്രശ്നത്തിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

You may also like