തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്‌ടി റാങ്ക് ഹോൾഡർ തല മുണ്ഡനം ചെയ്തതിൽ വിഷമമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു. സമരക്കാരുമായി സർക്കാർ എട്ടുതവണ ചർച്ച നടത്തിയെന്നും പൊതുവിദ്യാഭ്യാസ മന്ത്രിയുമായുള്ള ചർച്ചയിൽ ഉന്നയിച്ച അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണത്തിലും ഉറപ്പ് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാർഥി–അധ്യാപക അനുപാതം 1:25 ആയി കുറച്ച് നിയമനം നടത്തണമെന്ന അഞ്ചാമത്തെ ആവശ്യം എങ്ങനെ നടപ്പാക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.
കഴിഞ്ഞ അഞ്ച് വർഷം സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോൾ തല മുണ്ഡനം ചെയ്തുള്ള സമരത്തെ ഉയർത്തിക്കാട്ടുന്നതെന്ന് സതീശൻ വിമർശിച്ചു. കെ.എ.എസ് നിയമനത്തിലെ പ്രതിസന്ധിക്ക് കാരണം എൽഡിഎഫ് സർക്കാരിന്റെ ബുദ്ധിശൂന്യമായ നടപടികളാണെന്നും അദ്ദേഹം ആരോപിച്ചു. 32 കേഡർ തസ്തിക ഒഴിവുകളുണ്ടെന്ന് പിഎസ്‌സിയെ അറിയിച്ചതിനാൽ നിയമനനടപടി തുടങ്ങിയെങ്കിലും പിന്നീട് രണ്ട് ഒഴിവുകൾ മാത്രമാണുള്ളതെന്ന് അറിയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിദ്യാർഥി–അധ്യാപക അനുപാതം കുറയ്ക്കുക, റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനാവസരം ഉറപ്പാക്കുക, എയ്ഡഡ് നിയമനങ്ങൾ വേഗത്തിലാക്കാനുള്ള സർക്കുലർ മരവിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഓൾ കേരള എൽപിഎസ്‌ടിഎ റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സമരം നടത്തുന്നത്. സമരം 114-ാം ദിവസത്തിലെത്തിയപ്പോഴാണ് സമരസമിതി സെക്രട്ടറി എസ്. വളർമതി തല മുണ്ഡനം ചെയ്ത് നിരാഹാര സമരം ആരംഭിച്ചത്.
