കോഴിക്കോട്: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതിയെ പെൺകുട്ടിയുടെ ബന്ധു വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപ്പിച്ചു. വടകര മയ്യന്നൂർ സ്വദേശി നാസറിനാണ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ഇന്ന് ഉച്ചയോടെ വീട്ടിൽ വിശ്രമിക്കുകയായിരുന്ന നാസറിനെ ആയുധങ്ങളുമായെത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. കഴുത്തിലും കൈകളിലും ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഴത്തിലുള്ള മുറിവേറ്റ നാസറിനെ വടകര ജില്ലാ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഈ മാസം മൂന്നിനാണ് നാസർ അറസ്റ്റിലായത്. റിമാൻഡിലായിരുന്ന ഇയാൾ കഴിഞ്ഞ ശനിയാഴ്ച ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതറിഞ്ഞാണ് പെൺകുട്ടിയുടെ ബന്ധു കൂടിയായ പ്രതി ആക്രമണം ആസൂത്രണം ചെയ്തതെന്നാണ് വിവരം. ആക്രമണത്തിനു പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. അക്രമിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടാനാകുമെന്നും പൊലീസ് അറിയിച്ചു.
