തേനി: സിനിമയെ വെല്ലുന്ന ആസൂത്രണത്തോടെ തമിഴ്നാട്ടിലെ തേനി തേക്കാംപെട്ടി സബ് ജയിലിൽനിന്ന് രക്ഷപ്പെട്ട 17 തടവുകാരിൽ 13 പേരെയും പൊലീസ് പിടികൂടി. ശേഷിക്കുന്ന നാലുപേർക്കായി തിരച്ചിൽ തുടരുകയാണ്. ഇവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ തമിഴ്നാട്–കേരള അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി. കേരള പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. മൂന്ന് പതിറ്റാണ്ടിനിടെ തമിഴ്നാട്ടിലുണ്ടായ ഏറ്റവും വലിയ ജയിൽച്ചാട്ടമായാണ് സംഭവത്തെ വിലയിരുത്തുന്നത്. രക്ഷപ്പെട്ടവരിൽ അഞ്ചുപേർ കൊലക്കേസ് പ്രതികളാണ്.
തിങ്കളാഴ്ച രാത്രി പത്തരയോടെയാണ് തടവുകാർ ആസൂത്രിതമായി ജയിൽചാട്ടം നടത്തിയത്. തടവുകാരിൽ ഒരാൾ അപസ്മാരം അഭിനയിച്ചതോടെയാണ് സംഭവങ്ങൾക്ക് തുടക്കമായത്. വിവരം അറിഞ്ഞെത്തിയ ജയിൽ ഉദ്യോഗസ്ഥനെ മറ്റു തടവുകാർ പുതപ്പുകൊണ്ട് മൂടി മർദിക്കുകയും കൈവശമുണ്ടായിരുന്ന താക്കോൽ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് സെല്ലിന് പുറത്തുകടന്ന സംഘം മറ്റു ജീവനക്കാരെയും ആക്രമിച്ചശേഷം പ്രധാന കവാടത്തിലൂടെ രക്ഷപ്പെടുകയായിരുന്നു. തടവുകാരുടെ ആക്രമണത്തിൽ ഒരു ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു.
രക്ഷപ്പെട്ടവരിൽ ഒരാളെ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ ജയിലിനടുത്തുള്ള വാച്ച് ടവറിന് സമീപത്തെ കുറ്റിക്കാട്ടിൽനിന്ന് പൊലീസ് പിടികൂടിയിരുന്നു. മുൾച്ചെടികൾ നിറഞ്ഞ പ്രദേശത്തുനിന്ന് മുന്നോട്ടുപോകാനാകാതെ ഒളിച്ചിരിക്കുകയായിരുന്നു ഇയാൾ.
തടവുകാരെ കണ്ടെത്താൻ 17 സംഘങ്ങളായി തിരിഞ്ഞ് ഇരുനൂറോളം പൊലീസുകാരാണ് തിരച്ചിൽ നടത്തിയത്. ചൊവ്വാഴ്ച രാവിലെ 6.45ഓടെ മൂന്നുപേരെ കൂടി നാട്ടുകാരിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പിടികൂടി. മറ്റൊരു തടവുകാരനെ ഓട്ടോറിക്ഷാ ഡ്രൈവർ നൽകിയ വിവരത്തെത്തുടർന്നും കസ്റ്റഡിയിലെടുത്തു. പിന്നീട് തേനിയിലെ വനമേഖലയിൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് മറ്റൊരു സംഘം തടവുകാരെ കണ്ടെത്തി പിടികൂടിയത്. ഇതിന്റെ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിനിൽ കടന്നുകളയാനായിരുന്നു തടവുകാരിൽ ഒരുസംഘത്തിന്റെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചു. പിടിയിലായവരെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.
ജയിലിൽ ഗുരുതരമായ സുരക്ഷാവീഴ്ചയുണ്ടായെന്ന് ജയിൽ ഡിജിപി സന്ദീപ് റായി റാത്തോഡ് സമ്മതിച്ചു. സംഭവത്തിൽ ഒൻപത് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി. തടവുകാർ രക്ഷപ്പെട്ട സമയത്ത് ജയിലിലെ സൈറൺ പ്രവർത്തിച്ചില്ലെന്നാണ് വിവരം. ഉദ്യോഗസ്ഥരിൽ ആർക്കെങ്കിലും ജയിൽച്ചാട്ടത്തിൽ പങ്കോ സഹായമോ ഉണ്ടായിരുന്നോയെന്നും അന്വേഷിക്കുന്നുണ്ട്.
അതേസമയം, സംഭവത്തിന്റെ പേരിൽ തമിഴ്നാട്ടിലെ ടിവികെ സർക്കാരിനെതിരെ ഡിഎംകെ രംഗത്തെത്തി. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നുവെന്ന് ഡിഎംകെ ആരോപിച്ചു. ജയിൽച്ചാട്ടത്തിൽ മുഖ്യമന്ത്രി വിജയ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ, രക്ഷപ്പെട്ട എല്ലാ തടവുകാരെയും ഉടൻ പിടികൂടുമെന്ന് ജയിൽവകുപ്പിന്റെ ചുമതലയുള്ള മന്ത്രി സി.ടി.ആർ. നിർമൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
