കൊച്ചി: ചേരാനല്ലൂരിൽ അപകടമുണ്ടാക്കിയ ബെൻസ് കാർ ഓടിച്ച 17കാരൻ ആഡംബര ബൈക്കും ഉപയോഗിച്ചിരുന്നതായി അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. ബെൻസ് കാറിന്റെ ഉടമയായ ജഡ്ജിയുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്ക് ഓടിക്കുന്ന 17കാരന്റെ സിസിടിവി ദൃശ്യങ്ങൾ ജില്ലാ ക്രൈംബ്രാഞ്ച് ശേഖരിച്ചു.
17കാരൻ പതിവായി ബൈക്ക് ഓടിക്കാറുണ്ടെന്ന് ഫ്ലാറ്റിലെ ജീവനക്കാരനും മൊഴി നൽകിയിട്ടുണ്ട്. ബൈക്കിന്റെ രജിസ്ട്രേഷനിലും പൊലീസിന് സംശയമുണ്ട്. ജഡ്ജിയുടെ വീട്ടിൽ ക്രൈംബ്രാഞ്ചും പൊലീസും നടത്തിയ പരിശോധന ഏഴു മണിക്കൂർ നീണ്ടു. ആഡംബര ബൈക്കിന് പുറമേ ഡിജിറ്റൽ ഉപകരണങ്ങൾ, ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങൾ, വാഹനത്തിന്റെ രേഖകൾ എന്നിവയും അന്വേഷണസംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അപകടദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി.
അതേസമയം, 17കാരന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് സമർപ്പിച്ച അപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിച്ചേക്കും. അപകടത്തിൽ മരിച്ച മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണന്റെ കുടുംബം ജഡ്ജിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ഹൈക്കോടതിയിൽ റിട്ട് ഹർജി സമർപ്പിക്കാനും ഒരുങ്ങുകയാണ്. പൊലീസുമായി നടത്തിയ ചർച്ചയിൽ ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കേണ്ടത് ഹൈക്കോടതിയാണെന്ന് കുടുംബത്തെ ബോധ്യപ്പെടുത്തിയിരുന്നു. നിലവിലെ പൊലീസ് നടപടികളിൽ തൃപ്തരാണെന്നും കുടുംബം പ്രതികരിച്ചിട്ടുണ്ട്.
കേസ് കൈകാര്യം ചെയ്തതിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. സി.ഐ. ശ്യാംകുമാർ കെ.എസ്., എസ്.എച്ച്.ഒ. വിശ്വജിത്ത് വി.എസ്., എ.എസ്.ഐ. മനോജ് കെ.ടി., സി.പി.ഒ. അരുൺ ജോഷി എന്നിവർക്കെതിരെയാണ് നടപടി. സംഭവസ്ഥലം സന്ദർശിച്ച എ.ഡി.ജി.പി. പി. വിജയൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെ ചേരാനല്ലൂർ കണ്ടെയ്നർ റോഡിൽ 17കാരൻ ഓടിച്ച ബെൻസ് കാറിടിച്ചാണ് ജയബാലകൃഷ്ണൻ മരിച്ചത്. അഡീഷണൽ ജഡ്ജിയുടെ മകനാണ് കാറോടിച്ചിരുന്നത്. അപകടത്തിനുശേഷം 17കാരനെ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. ജയബാലകൃഷ്ണന്റെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തിയതിനു പിന്നാലെ ആഭ്യന്തരമന്ത്രിയും അതൃപ്തി അറിയിച്ചിരുന്നു. തുടർന്ന് രാത്രിയോടെ 17കാരനെതിരെ നരഹത്യാ വകുപ്പ് ചുമത്തി.
