കൊച്ചി: സംസ്ഥാനത്തെ നടുക്കിയ നെടുമ്പാശ്ശേരി വാഹനാപകടക്കേസിൽ പ്രതികൾക്ക് തിരിച്ചടി. മൂന്ന് വിദ്യാർത്ഥികളുടെ ജീവനെടുത്ത സംഭവത്തിൽ മുഖ്യപ്രതി സുഹൈൽ സജീവ് ഉൾപ്പെടെ നാല് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി. സുഹൈലിന് പുറമെ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. അങ്കമാലി കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് പ്രതികൾ സെഷൻസ് കോടതിയെ സമീപിച്ചിരുന്നത്. പുതിയ സി.സി.ടി.വി ദൃശ്യങ്ങളും തെളിവുകളും ശബ്ദരേഖയും അടക്കം ഹാജരാക്കി പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
അപകടത്തിന്റെ ഭീകരതയും പ്രതികളുടെ ക്രൂരതയും പുറത്തുകൊണ്ടുവരുന്നതിൽ നിർണായകമായത് മൂന്നാം പ്രതി ജോയൽ സുഹൃത്തിന് അയച്ച ശബ്ദരേഖയാണ്. സുഹൈൽ നന്നായി മദ്യപിച്ചിരുന്നുവെന്നും, അമിതവേഗതയിലെത്തിയ മിനി കൂപ്പർ കാർ വരുന്ന വഴിക്ക് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്നും ശബ്ദരേഖ വ്യക്തമാക്കുന്നു. അപകടത്തിൽ മൂന്ന് പേർ മരിച്ചുവെന്നും തങ്ങൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും പറയുന്ന ജോയൽ, നാട്ടുകാർ തടിച്ചുകൂടിയപ്പോൾ “വാപ്പ നോക്കിക്കോളും” എന്ന് സുഹൈൽ നിസ്സാരവൽക്കരിച്ച് പറഞ്ഞതായും ഈ ഓഡിയോ സന്ദേശത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഒക്ടോബർ 10-ന് പുലർച്ചെ 12:30-ഓടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് ഓടിച്ച ആഡംബര മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലിടിച്ച് വൻ ദുരന്തം വിതച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവരാണ് സംഭവസ്ഥലത്ത് വെച്ചുതന്നെ ദാരുണമായി മരണപ്പെട്ടത്. തൃക്കാക്കരയിലെ കരകൗശല വില്പ്പനശാലയിലെ പാർട്ട് ടൈം ജോലിക്കിടെ രാത്രിയിൽ സഹപ്രവർത്തകർക്കൊപ്പം ചായ കുടിക്കാൻ പുറത്തിറങ്ങി മടങ്ങുമ്പോഴാണ് ഈ ദാരുണാപകടം മൂന്ന് യുവാക്കളുടെയും ജീവിയെടുത്തത്. പ്രതികളുടെ ജാമ്യം തള്ളിയതോടെ കേസിൽ നിയമനടപടികൾ കൂടുതൽ ശക്തമാകും.
