Home Nationalപ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടടുത്ത് വ്യോമസേനാ സ്പോർട്സ് കോംപ്ലക്സ് പൂട്ടി; ഭൂമി തിരിച്ചുപിടിക്കാൻ കേന്ദ്രം

പ്രധാനമന്ത്രിയുടെ വസതിക്ക് തൊട്ടടുത്ത് വ്യോമസേനാ സ്പോർട്സ് കോംപ്ലക്സ് പൂട്ടി; ഭൂമി തിരിച്ചുപിടിക്കാൻ കേന്ദ്രം

by news_desk1
0 comments

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള ലോക് കല്യാൺ മാർഗിലെ വ്യോമസേനാ സ്പോർട്സ് കോംപ്ലക്സ് കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം അടച്ചുപൂട്ടി. വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എ.പി. സിങ് ഒക്ടോബർ 31ന് വിരമിക്കുന്നതിനു മുന്നോടിയായി നടത്താനിരുന്ന വിടവാങ്ങൽ ഗോൾഫ് മത്സരവും ഇതോടെ റദ്ദാക്കി. വ്യോമസേനയ്ക്ക് അനുവദിച്ച ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായാണ് അടിയന്തര നടപടിയെന്നാണ് റിപ്പോർട്ടുകൾ.

സർവീസിലുള്ളവരും വിരമിച്ചവരുമായ വ്യോമസേനാ ഉദ്യോഗസ്ഥർ ഉപയോഗിച്ചിരുന്ന കോംപ്ലക്സിൽ അത്യാധുനിക ഗോൾഫ് കോഴ്സ്, നീന്തൽക്കുളം, ഭക്ഷണശാലകൾ തുടങ്ങിയ സൗകര്യങ്ങളുണ്ടായിരുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമുതൽ അനിശ്ചിതകാലത്തേക്ക് കോംപ്ലക്സ് അടച്ചതായി അധികൃതർ അറിയിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് ചൊവ്വാഴ്ച തന്നെ അംഗങ്ങൾക്ക് ലഭിച്ചിരുന്നു.

കോംപ്ലക്സ് പ്രവർത്തിക്കുന്ന ഭൂമി അടിയന്തരമായി ആവശ്യമായതിനാൽ സ്ഥലം വിട്ടുനൽകണമെന്ന് കേന്ദ്ര ഭവന–നഗരകാര്യ മന്ത്രാലയം നേരത്തേ വ്യോമസേനയെ അറിയിച്ചിരുന്നതായാണ് വിവരം. ഭൂമി പൂർണമായും സർക്കാർ ഉടമസ്ഥതയിലുള്ളതാണെന്നും ഔദ്യോഗിക നടപടികളിലൂടെ അത് തിരിച്ചുപിടിക്കുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇതിനായി കോടതി ഉത്തരവ് ആവശ്യമില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങളുടെ നിലപാട്.

ഡൽഹിയിലെ പ്രധാനപ്പെട്ടതും ചരിത്രപ്രാധാന്യമുള്ളതുമായ ഭൂമികളും സ്ഥാപനങ്ങളും തിരിച്ചുപിടിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നടപടികളുടെ തുടർച്ചയായാണ് ഈ നീക്കവും വിലയിരുത്തപ്പെടുന്നത്. പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി ഡൽഹി ജിംഖാന ക്ലബ്ബ് ഏറ്റെടുക്കാൻ മേയ് 22ന് ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസിന് കേന്ദ്രം നിർദേശം നൽകിയിരുന്നു. ഈ വിഷയം നിലവിൽ ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഇതിനുപിന്നാലെ ഏകദേശം 15 ഏക്കർ വിസ്തൃതിയുള്ള ജയ്പുർ പോളോ ഗ്രൗണ്ടിന്റെ നിയന്ത്രണവും കേന്ദ്രസർക്കാർ ഏറ്റെടുത്തിരുന്നു. തലസ്ഥാനത്തെ പ്രധാന ഭൂമികളുടെ നിയന്ത്രണം പുനഃക്രമീകരിക്കുന്ന നടപടികൾക്കിടെയാണ് വ്യോമസേനാ സ്പോർട്സ് കോംപ്ലക്സും അടച്ചുപൂട്ടിയത്.

You may also like