Home Nationalഅപസ്മാരം അഭിനയിച്ച് ജയിൽ ചാട്ടം; 17 വിചാരണത്തടവുകാർ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടു, കേരള അതിർത്തിയിൽ ജാഗ്രത

അപസ്മാരം അഭിനയിച്ച് ജയിൽ ചാട്ടം; 17 വിചാരണത്തടവുകാർ ജീവനക്കാരെ ആക്രമിച്ച് രക്ഷപ്പെട്ടു, കേരള അതിർത്തിയിൽ ജാഗ്രത

by news_desk1
0 comments

മധുര: അപസ്മാരം വന്നതായി അഭിനയിച്ച് ജയിൽ ജീവനക്കാരെ കബളിപ്പിച്ച ശേഷം 17 വിചാരണത്തടവുകാർ ജയിൽ ചാടിയതായി റിപ്പോർട്ട്. തമിഴ്നാട്ടിലെ തേനി തെക്കംപാട്ടയിലുള്ള ജില്ലാ ജയിലിലാണ് സംഭവം. തടവുകാരിൽ ഒരാൾ അപസ്മാരം വന്നതായി അഭിനയിച്ചതിനെ തുടർന്ന് സെൽ തുറന്ന ജീവനക്കാരെ സംഘം ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവരിൽ നാലുപേരെ പൊലീസ് പിടികൂടി. ശേഷിക്കുന്നവർ ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തിയിൽ പരിശോധന ശക്തമാക്കി.

തടവുകാരുടെ ആക്രമണത്തിൽ മൂന്ന് ജയിൽ ജീവനക്കാർക്ക് പരുക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ പൊലീസ് കോൺസ്റ്റബിൾ ജി. തങ്കപാണ്ഡിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റു രണ്ട് ജീവനക്കാരുടെ പരുക്ക് ഗുരുതരമല്ല.

തേനി സ്വദേശികളായ പ്രവീൺ കുമാർ, സിലമ്പരസൻ, മധുര സ്വദേശികളായ രാജാ സികന്ദർ, രാജ്കുമാർ എന്നിവരാണ് പിടിയിലായത്. ശേഷിക്കുന്നവരെ കണ്ടെത്താൻ 17 പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചതായി ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. ഡിണ്ടിഗൽ ജില്ലയിലുടനീളം 16 ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ചും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

രക്ഷപ്പെട്ട തടവുകാരുടെ ചിത്രങ്ങളും വിവരങ്ങളും കേരള പൊലീസിന് കൈമാറി. കമ്പം, കമ്പംമെട്ട്, ബോഡിമെട്ട് തുടങ്ങിയ അതിർത്തി മേഖലകളിൽ വാഹനപരിശോധനയും തിരച്ചിലും ശക്തമാക്കി. അതിർത്തി ഗ്രാമങ്ങളിലുള്ളവർക്ക് പൊലീസ് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ജയിൽ സുരക്ഷയിലുണ്ടായ വീഴ്ചയെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.

You may also like