Home Nationalരണ്ടാഴ്ചത്തെ നിരാഹാരത്തിന് വിജയം;വിദ്യാർഥി യൂണിയൻ രൂപീകരിക്കാൻ ഉത്തരവ്

രണ്ടാഴ്ചത്തെ നിരാഹാരത്തിന് വിജയം;വിദ്യാർഥി യൂണിയൻ രൂപീകരിക്കാൻ ഉത്തരവ്

by news_desk1
0 comments

ന്യൂഡൽഹി: രണ്ടാഴ്ച നീണ്ട നിരാഹാരസമരത്തിനൊടുവിൽ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് വിജയം. വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കാനും ഭരണഘടന അംഗീകരിച്ച് 15 ദിവസത്തിനകം തിരഞ്ഞെടുപ്പ് നടത്താനും സർവകലാശാലാ അധികൃതർ തീരുമാനിച്ചു. സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ നടപടികളെല്ലാം പിൻവലിക്കുമെന്നും ഉറപ്പുനൽകി. ഇതോടെ വിദ്യാർഥികൾ നിരാഹാരസമരം അവസാനിപ്പിച്ചു.

ഒക്ടോബർ 12ന് ആരംഭിച്ച സമരം സർവകലാശാലാ അധികൃതരുമായി ഇന്ന് രാവിലെ നടത്തിയ ചർച്ചയോടെയാണ് ഒത്തുതീർപ്പിലെത്തിയത്. വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി അഞ്ച് വിദ്യാർഥികളാണ് നിരാഹാരസമരം നടത്തിയത്. 2006ൽ വിദ്യാർഥി യൂണിയൻ പിരിച്ചുവിട്ടതോടെ കഴിഞ്ഞ 20 വർഷമായി സർവകലാശാലയിൽ യൂണിയൻ പ്രവർത്തിക്കുന്നില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും അവകാശങ്ങൾ സംരക്ഷിക്കാനും ജനാധിപത്യപരമായ വേദി അനിവാര്യമാണെന്നായിരുന്നു അവരുടെ നിലപാട്.

സമരത്തിനിടെ കാമ്പസിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും ക്ലാസുകൾ ഓൺലൈനാക്കിയതും പ്രധാന കവാടങ്ങളും ലൈബ്രറിയും അടച്ചതും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഹോസ്റ്റൽ സീറ്റുകൾ വിറ്റ് ലാഭമുണ്ടാക്കുന്നുവെന്നും വിദ്യാർഥികളുടെ പ്രശ്നങ്ങളിൽ വൈസ് ചാൻസലർ പ്രൊഫ. മസ്ഹർ ആസിഫ് ഇടപെടുന്നില്ലെന്നും സമരക്കാർ ആരോപിച്ചു. അനധികൃതമായി ജോലിയിൽ പ്രവേശിച്ച ചില അധ്യാപകർക്കെതിരെ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും അവർ ആരോപിച്ചിരുന്നു.

ജാമിയ മിലിയ ഇസ്‌ലാമിയ സ്റ്റുഡന്റ്സ് യൂണിയൻ 2006ലാണ് പിരിച്ചുവിട്ടത്. യൂണിയൻ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി സമരം രണ്ടാഴ്ച പിന്നിട്ടതോടെയാണ് അധികൃതർ ചർച്ചയ്ക്ക് തയ്യാറായത്. വൈസ് ചാൻസലറുടെയും രജിസ്ട്രാറുടെയും നേതൃത്വത്തിൽ ജീവനക്കാരുടെ യോഗം ചേർന്നതിനു പിന്നാലെ സമരപ്പന്തൽ ഒഴിയാൻ വിദ്യാർഥികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജനാധിപത്യപരമായ അവകാശങ്ങൾ നേടിയെടുക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ വിദ്യാർഥികൾ ഉറച്ചുനിന്നു. ഒടുവിൽ ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടതോടെയാണ് സമരം അവസാനിച്ചത്.

You may also like