ന്യൂഡൽഹി: ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിൽ വിദ്യാർത്ഥി സമരം ശക്തമാകുന്നതിനിടെ, ഹോസ്റ്റലുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് അധികൃതർ. ഒരാഴ്ചയ്ക്കകം ഹോസ്റ്റൽ മുറികൾ ഒഴിയണമെന്ന് വിദ്യാർഥികൾക്ക് നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്. അഞ്ച് വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരം 17 ദിവസം പിന്നിട്ടു.
സമരപ്പന്തൽ പൊളിച്ചുനീക്കി വിദ്യാർഥികളെ ഒഴിപ്പിക്കാൻ ഇന്നലെ ഉൾപ്പെടെ രണ്ടുതവണ അധികൃതർ ശ്രമിച്ചെങ്കിലും സമരം തുടരുകയാണ്. വൈദ്യുതിക്കു പിന്നാലെ വൈഫൈ, ഭക്ഷണ വിതരണം എന്നിവയും നിർത്തലാക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ സർവകലാശാലയിൽ ഓഫ്‌ലൈൻ ക്ലാസുകൾ ഉണ്ടാകില്ലെന്നും പഠനം പൂർണമായും ഓൺലൈൻ രീതിയിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു.
വിദ്യാർഥികളെ ക്യാമ്പസിൽനിന്ന് അകറ്റി സമരം അവസാനിപ്പിക്കാനാണ് അധികൃതരുടെ നീക്കമെന്ന് സമരക്കാർ ആരോപിച്ചു. തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും വിദ്യാർഥികളുടെ എണ്ണം കുറച്ച് സമരം ബലപ്രയോഗത്തിലൂടെ അവസാനിപ്പിക്കാനാണ് ശ്രമമെന്നും അവർ പറഞ്ഞു.
