Home Nationalലൈറ്റുകൾ അണച്ചു, സമരപ്പന്തൽ പൊളിച്ചു; വിദ്യാർഥികളെ മർദിച്ച് പുറത്താക്കിയെന്ന് ആരോപണം, ജാമിയ മിലിയയിൽ സംഘർഷം

ലൈറ്റുകൾ അണച്ചു, സമരപ്പന്തൽ പൊളിച്ചു; വിദ്യാർഥികളെ മർദിച്ച് പുറത്താക്കിയെന്ന് ആരോപണം, ജാമിയ മിലിയയിൽ സംഘർഷം

by news_desk1
0 comments

ന്യൂഡൽഹി: ക്യാംപസിൽ ലൈറ്റുകൾ അണയ്ക്കുന്നു, വിദ്യാർഥികളുടെ സമരപ്പന്തൽ പൊളിച്ചുനീക്കുന്നു, പിന്നാലെ മർദനമെന്നും ആരോപണം. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിലെ ജാമിയ മിലിയ സർവകലാശാലയിൽ നടക്കുന്ന പ്രതിഷേധം സംഘർഷത്തിലേക്ക്. സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതോടെയാണ് വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്.

2006ൽ നിർത്തിവച്ച വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്നും പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്യപ്പെട്ട വിദ്യാർഥികളെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർഥികൾ സമരം നടത്തുന്നത്. കഴിഞ്ഞ 16നാണ് സർവകലാശാലാ ക്യാംപസിനുള്ളിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. സമരത്തിന്റെ ഭാഗമായി സ്ഥാപിച്ച പന്തലാണ് സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയത്.

യാതൊരു മുന്നറിയിപ്പും നൽകാതെയാണ് പന്തൽ പൊളിച്ചതെന്നാണ് വിദ്യാർഥികളുടെ ആരോപണം. നേരത്തെയും സമരപ്പന്തൽ നീക്കം ചെയ്യാൻ സുരക്ഷാ ജീവനക്കാർ ശ്രമിച്ചിരുന്നതായും അവർ പറയുന്നു.

ക്യാംപസിലെ ലൈറ്റുകൾ അണച്ചശേഷം പന്തലിലുണ്ടായിരുന്ന വിദ്യാർഥികളെ സുരക്ഷാ ജീവനക്കാർ മർദിച്ചെന്നാണ് പ്രധാന ആരോപണം. തുടർന്ന് വിദ്യാർഥികളെ വലിച്ചിഴച്ച് ഗേറ്റിന് പുറത്തേക്ക് കൊണ്ടുപോയി പൊലീസിന് കൈമാറിയെന്നും അവർ ആരോപിച്ചു.

വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് ആരംഭിച്ച സമരം സുരക്ഷാ ജീവനക്കാരുമായുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ സർവകലാശാലാ ക്യാംപസിൽ സംഘർഷാവസ്ഥ ഉടലെടുത്തു.

You may also like