കൊച്ചി: ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം ലഭിച്ചെങ്കിലും വിദേശയാത്രയ്ക്ക് കോടതിയുടെ അനുമതി വേണം. ഷാർജയിലെ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരി വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. യുഎഇയിൽ ജോലി തുടരാൻ അനുവദിക്കണമെന്നും രാജ്യത്തിനു പുറത്തുപോകരുതെന്ന ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകണമെന്നുമാണ് അദ്ദേഹത്തിന്റെ ആവശ്യം.
ഷാർജയിലെ ഒരു ജ്വല്ലറി ഗ്രൂപ്പിൽ ഓപ്പറേഷൻസ് മാനേജറായി ജോലി ചെയ്യുകയാണെന്നും ഉടൻ ജോലിയിൽ പ്രവേശിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടപ്പെടുമെന്നും ചൂണ്ടിക്കാട്ടിയാണ് തച്ചങ്കരി ഹർജി നൽകിയത്. ദുബായിലെ ഒരു ഐടി കൺസൾട്ടൻസി സ്ഥാപനത്തിൽ പങ്കാളിയാണെന്നും ഹർജിയിൽ പറയുന്നു. ഒക്ടോബർ 26 മുതൽ 2027 മാർച്ച് 31 വരെ യുഎഇയിലേക്ക് യാത്ര ചെയ്യാനും അവിടെ തുടരാനും അനുമതി നൽകണമെന്നാണ് ആവശ്യം.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കോട്ടയം വിജിലൻസ് പ്രത്യേക കോടതി തച്ചങ്കരിക്ക് നാലുവർഷം തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ശിക്ഷാവിധി മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ, കോടതിയുടെ മുൻകൂർ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്ന വ്യവസ്ഥ നിലനിൽക്കുന്നതിനാലാണ് ഇപ്പോൾ ഇളവ് തേടിയിരിക്കുന്നത്.
വിചാരണക്കാലത്ത് വിദേശത്തായിരുന്നിട്ടും കോടതി ആവശ്യപ്പെട്ട എല്ലാ ദിവസങ്ങളിലും മുടങ്ങാതെ ഹാജരായിരുന്നുവെന്നും ജാമ്യവ്യവസ്ഥകൾ പൂർണമായി പാലിച്ചിട്ടുണ്ടെന്നും തച്ചങ്കരി ഹർജിയിൽ വ്യക്തമാക്കി. വിദേശയാത്രയ്ക്കുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും താൻ ഒളിവിൽ പോകാൻ സാധ്യതയുള്ള ആളല്ലെന്നും അദ്ദേഹം വാദിക്കുന്നു.
ഒക്ടോബർ 26 മുതൽ ഡിസംബർ 31 വരെയും തുടർന്ന് 2027 ജനുവരി 2 മുതൽ മാർച്ച് 31 വരെയും യുഎഇയിൽ തുടരുന്നതിനുള്ള യാത്രാവിവരങ്ങളും താമസസ്ഥലത്തിന്റെ വിലാസവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഹർജിയിൽ സർക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി, കേസ് നവംബർ രണ്ടിന് വീണ്ടും പരിഗണിക്കാൻ മാറ്റി.
