Home Kerala‘കർത്തയുമായി ബന്ധമില്ല, വൈദേകത്തിൽ ഓഹരിയുമില്ല’; ശ്യാംജിത്തിനും ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.പി. ജയരാജൻ

‘കർത്തയുമായി ബന്ധമില്ല, വൈദേകത്തിൽ ഓഹരിയുമില്ല’; ശ്യാംജിത്തിനും ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഇ.പി. ജയരാജൻ

by news_desk1
0 comments

കണ്ണൂർ: വൈദേകം റിസോർട്ടുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ശശിധരൻ കർത്തയെ അറിയില്ലെന്നും വ്യക്തമാക്കി സിപിഐഎം നേതാവ് ഇ.പി. ജയരാജൻ. റിസോർട്ടിൽ ഓഹരിയുള്ളത് ഭാര്യയ്ക്ക് വിരമിച്ചപ്പോൾ ലഭിച്ച പണം നിക്ഷേപിച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങൾ വ്യക്തിത്വം കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്നും വാർത്ത നൽകിയ മാധ്യമങ്ങൾക്കും ഫേസ്ബുക്ക് പോസ്റ്റിട്ട ബന്ധു ശ്യാംജിത്തിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജയരാജൻ മുന്നറിയിപ്പ് നൽകി.

വൈദേകം റിസോർട്ടിന്റെ ആരംഭകാലത്ത് സ്ഥാപനത്തിന് ഉപദേശങ്ങളും പ്രോത്സാഹനവും നൽകിയിരുന്നുവെന്ന് ജയരാജൻ സമ്മതിച്ചു. എന്നാൽ, സ്ഥാപനത്തിൽ തനിക്ക് ഒരു ഓഹരിപോലുമില്ല. റിസോർട്ടിൽ ഒൻപത് കോടി രൂപ നിക്ഷേപിച്ച ഒരാളുമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ശശിധരൻ കർത്തയുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ഭാര്യയ്ക്ക് കർത്തയുടെ പേര് പോലും അറിയില്ലെന്നും ജയരാജൻ പറഞ്ഞു.

തനിക്കെതിരെ ആരോപണം ഉന്നയിച്ച ശ്യാംജിത്തിന്റെ ഭാര്യ റിസോർട്ടിന്റെ പ്രവർത്തനത്തിൽ വ്യാപക ക്രമക്കേടുകൾ നടത്തിയെന്നാണ് ജയരാജന്റെ മറ്റൊരു ആരോപണം. സ്വന്തം നിലയിൽ പണം എഴുതിയെടുക്കുകയും ആനുകൂല്യങ്ങൾ കൈപ്പറ്റുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. സഹോദരീപുത്രന്റെ ഭാര്യയായതിനാൽ അന്ന് നടപടി സ്വീകരിച്ചില്ലെന്നും ജയരാജൻ പറഞ്ഞു.

ജനറൽ മാനേജർ എന്ന പേരിൽ വ്യാജ ലെറ്റർപാഡ് ഉണ്ടാക്കിയതടക്കമുള്ള പരാതികൾ ഉയർന്നപ്പോൾ നടപടി സ്വീകരിക്കാൻ താൻ നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. വൈദേകം റിസോർട്ടിന്റെ പിആർഒ എന്ന പേരിൽ കാർഡ് അച്ചടിച്ച് ശ്യാംജിത്ത് പണം തട്ടിയെന്ന ആരോപണവും സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് ഉയർന്നിട്ടുണ്ടെന്ന് ജയരാജൻ പറഞ്ഞു.

ഇതിനു പിന്നാലെ ശ്യാംജിത്തിന്റെ ഭാര്യയെ കമ്പനിയിൽനിന്ന് പുറത്താക്കിയെന്നും അതിനുശേഷമാണ് സ്ഥാപനത്തിനെതിരെ വ്യാജപരാതികൾ നൽകാൻ തുടങ്ങിയതെന്നും ജയരാജൻ ആരോപിച്ചു. റിസോർട്ടിന്റെ ആദ്യകാല എംഡിയായിരുന്ന കെ.പി. രമേശന്റെ പേരിൽ വ്യാജപരാതി നൽകുകയും അതിൽ ശ്യാംജിത്തിന്റെ ഭാര്യ ദീപ കള്ളയൊപ്പിടുകയും ചെയ്തെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. ഇക്കാര്യം അറിഞ്ഞ രമേശൻ ഡിജിപിക്ക് പരാതി നൽകിയിരുന്നുവെന്നും ജയരാജൻ പറഞ്ഞു

You may also like