Home Keralaടെൻഡറില്ലാതെ ഭാര്യയുടെ കമ്പനിക്ക് മിൽമയുടെയും കേരഫെഡിന്റെയും കരാർ; കെ.ബി. ഗണേഷ് കുമാറിനെതിരെ വിജിലൻസ് റിപ്പോർട്ട്

ടെൻഡറില്ലാതെ ഭാര്യയുടെ കമ്പനിക്ക് മിൽമയുടെയും കേരഫെഡിന്റെയും കരാർ; കെ.ബി. ഗണേഷ് കുമാറിനെതിരെ വിജിലൻസ് റിപ്പോർട്ട്

by news_desk1
0 comments

കൊച്ചി: ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ കയറ്റുമതി കരാറുകൾ ടെൻഡർ നടപടികളില്ലാതെ ലഭ്യമാക്കിയെന്ന ആരോപണത്തിൽ മുൻമന്ത്രി കെ.ബി. ഗണേഷ് കുമാറിന് കുരുക്ക് മുറുകുന്നു. മിൽമയുമായും കേരഫെഡുമായും ബിന്ദു മേനോന്റെ ഉടമസ്ഥതയിലുള്ള ‘മിഡ്‌നൈറ്റ്‌സ് ആൻഡ് ഗ്ലോബൽ’ കമ്പനി കരാറിലേർപ്പെട്ടതിൽ ക്രമക്കേടുണ്ടെന്നാണ് വിജിലൻസ് അന്വേഷണത്തിലെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിലെ വിവരങ്ങൾ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഭാര്യയുടെ കമ്പനിക്ക് കയറ്റുമതി കരാർ ലഭിക്കാൻ ഗണേഷ് കുമാർ ഇടപെട്ടെന്ന ആരോപണം തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടതോടെയാണ് വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തിയത്. മൂന്ന് പേജുള്ള റിപ്പോർട്ടിൽ കരാറുകൾ നൽകിയത് ടെൻഡർ നടപടികളില്ലാതെയാണെന്ന് വ്യക്തമാക്കിയതായാണ് വിവരം.

2024ലാണ് കരാറുകൾ ഒപ്പിട്ടത്. കേരഫെഡിന്റെ വെളിച്ചെണ്ണ ദുബായിലേക്ക് കയറ്റുമതി ചെയ്യുക, മിൽമയുടെ പാൽ, നെയ്യ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കയറ്റുമതി ചെയ്യുക എന്നിവയായിരുന്നു കരാറുകളുടെ ലക്ഷ്യം. എന്നാൽ, ഇത്തരത്തിലുള്ള കരാറുകൾ നൽകുന്നതിന് ആവശ്യമായ ടെൻഡർ നടപടികൾ ഉണ്ടായില്ലെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.

ക്ഷീരവികസന വകുപ്പിലെയും കാർഷിക വകുപ്പിലെയും ഉദ്യോഗസ്ഥർ ഫയലിൽ എതിർപ്പ് രേഖപ്പെടുത്തിയിട്ടും അതു മറികടന്ന് നടപടികളുമായി മുന്നോട്ടുപോയെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. വിദേശത്തേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനായി മിൽമ മുമ്പ് സമാനമായ കരാറുകളിൽ ഏർപ്പെട്ടിരുന്നില്ലെന്ന കാര്യവും ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്.

2025 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ മിഡ്‌നൈറ്റ്‌സ് ആൻഡ് ഗ്ലോബൽ കമ്പനി ആറ് ടൺ വെളിച്ചെണ്ണ വിദേശത്തേക്ക് കയറ്റുമതി ചെയ്തതായും റിപ്പോർട്ടിലുണ്ട്. അതേ വർഷം നവംബറോടെ ഏകദേശം 20 ടൺ വെളിച്ചെണ്ണ കൂടി കയറ്റുമതി ചെയ്തതായാണ് വിവരം.

കരാർ നൽകുന്നതിൽ വിവിധ കമ്പനികൾക്ക് വ്യത്യസ്ത വ്യവസ്ഥകൾ ബാധകമാക്കിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. രാഷ്ട്രീയ സ്വാധീനത്തിന്റെ അടിസ്ഥാനത്തിൽ ഇളവുകൾ നൽകിയെന്ന സംശയവും ഉയരുന്നുണ്ട്. എന്നാൽ, ആരോപണങ്ങളിൽ അന്തിമ നിഗമനത്തിലെത്താൻ വിശദമായ അന്വേഷണം ആവശ്യമാണ്.

വിജിലൻസ് അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കാൻ കോടതി നിർദേശിച്ചേക്കുമെന്നാണ് സൂചന. കേസ് രജിസ്റ്റർ ചെയ്താൽ ബിന്ദു മേനോനും ഗണേഷ് കുമാറിനുമൊപ്പം മിൽമയിലെയും കേരഫെഡിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടേക്കാം. കേരഫെഡ് എം.ഡി. ആസിഫ് കെ. യൂസഫിന്റെ പേരും സാധ്യതയുള്ള പ്രതികളിൽ ഉയരുന്നുണ്ട്.

വിശദമായ റിപ്പോർട്ട് നവംബർ 18ന് വിജിലൻസ് കോടതിയിൽ സമർപ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

You may also like