തിരുവനന്തപുരം: അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്ക് ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ മരുന്ന് നൽകിയ സംഭവത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ തലത്തിലെ വീഴ്ചകളും സുതാര്യതയില്ലാത്ത നടപടികളുമാണ് വിവാദത്തിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വിമർശനം. കുട്ടികളുടെ തുടർചികിത്സയും സുരക്ഷയും ഉറപ്പാക്കാൻ സമഗ്ര അന്വേഷണം വേണമെന്നും മരുന്ന് സംഭരണത്തിലും വിതരണത്തിലും ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിഷയത്തിന്റെ ഗൗരവം സർക്കാർ വേണ്ടത്ര ഉൾക്കൊണ്ടിട്ടില്ലെന്നും രോഗികളുടെയും കുടുംബങ്ങളുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും പിണറായി പ്രസ്താവനയിൽ പറഞ്ഞു. വിവാദത്തെ ജനറിക് മരുന്നുകൾക്കെതിരായ നീക്കമായി ചിത്രീകരിച്ച് വഴിതിരിച്ചുവിടാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. വൻകിട മരുന്നുകമ്പനികളുടെ കുത്തകയും ചൂഷണവും തടയാൻ ജനറിക് മരുന്നുകൾ അനിവാര്യമാണെന്ന നിലപാടിൽ പ്രതിപക്ഷത്തിന് മാറ്റമില്ലെന്നും വ്യക്തമാക്കി.
ഇന്ത്യൻ പേറ്റന്റ് നിയമഭേദഗതിയിലും നൊവാർട്ടിസ് കേസിലും ജീവൻരക്ഷാ മരുന്നുകൾ സാധാരണക്കാർക്ക് ലഭ്യമാക്കുന്നതിലും സിപിഐഎം നിർണായക പങ്കുവഹിച്ചിട്ടുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി. മരുന്നുകളുടെ പേറ്റന്റ് കാലാവധി അനാവശ്യമായി നീട്ടുന്ന ‘എവർഗ്രീനിങ്’ തടയുന്നതിനായി ഇന്ത്യൻ പേറ്റന്റ് നിയമത്തിൽ ഉൾപ്പെടുത്തിയ സെക്ഷൻ 3(ഡി)യുടെ പ്രാധാന്യവും അദ്ദേഹം വിശദീകരിച്ചു. രക്താർബുദ ചികിത്സയ്ക്കുള്ള ഗ്ലിവെക് മരുന്നിന് പേറ്റന്റ് നേടാനുള്ള നൊവാർട്ടിസിന്റെ നീക്കവുമായി ബന്ധപ്പെട്ട കേസിൽ ഈ വ്യവസ്ഥയുടെ സാധുത സുപ്രീംകോടതി 2013ൽ ശരിവെച്ചിരുന്നു. കോർപറേറ്റ് ലാഭത്തേക്കാൾ രോഗികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ നിലപാട് ഇന്ത്യൻ ജനറിക് ഔഷധമേഖലയെ സംരക്ഷിക്കുന്നതിൽ ചരിത്രപ്രധാനമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ, ഇപ്പോഴത്തെ വിവാദം ജനറിക് മരുന്നുകളുടെ ആവശ്യകതയെക്കുറിച്ചുള്ള തർക്കമല്ലെന്നും പുതിയ മരുന്ന് വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലും പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെയും നടപടിക്രമങ്ങളെയും കുറിച്ചുള്ള ചോദ്യമാണെന്നും പിണറായി വ്യക്തമാക്കി. 2026 ജൂലൈയിലാണ് മരുന്ന് വാങ്ങാനുള്ള അംഗീകാരം സർക്കാർ നൽകിയതെന്നാണ് പുറത്തുവന്ന വിവരങ്ങൾ. അതിനുമുമ്പ് പുതിയ മരുന്ന് വാങ്ങുന്നതിനുള്ള നിർബന്ധിത നടപടിക്രമങ്ങൾ പാലിച്ചിരുന്നോ എന്ന് സർക്കാർ വ്യക്തമാക്കണം. സെപ്റ്റംബറിൽ ധൃതിപിടിച്ച് ഹ്രസ്വകാല ടെൻഡർ വിളിച്ച് നാറ്റ്കോ കമ്പനിക്ക് പർച്ചേസ് ഓർഡർ നൽകിയതായും വിവരങ്ങളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മരുന്ന് വിതരണത്തിലെ ക്രമക്കേടുകളെക്കുറിച്ചും ആരോഗ്യമന്ത്രിയുടെ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇന്ത്യയിൽ ക്ലിനിക്കൽ ട്രയൽ ആവശ്യമില്ലെന്ന വിശദീകരണം അംഗീകരിച്ചാൽപ്പോലും, ‘ക്ലിനിക്കൽ ട്രയലിനുള്ളത്’ എന്ന് രേഖപ്പെടുത്തിയ മരുന്ന് സർക്കാർ സംവിധാനത്തിലൂടെ വിതരണം ചെയ്തത് എന്തിനാണെന്ന ചോദ്യത്തിന് ഉത്തരം വേണമെന്ന് പിണറായി പറഞ്ഞു.
