Home Localഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി; പൊലീസ് തള്ളിയ കേസിൽ വൻ വഴിത്തിരിവ്, വീട്ടിൽ കണ്ടെത്തിയത് കള്ളനോട്ട് അച്ചടിക്കാനുള്ള സാമഗ്രികൾ

ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന പരാതി; പൊലീസ് തള്ളിയ കേസിൽ വൻ വഴിത്തിരിവ്, വീട്ടിൽ കണ്ടെത്തിയത് കള്ളനോട്ട് അച്ചടിക്കാനുള്ള സാമഗ്രികൾ

by news_desk1
0 comments

കൊല്ലം: ഭർത്താവിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ചതിന് പിന്നാലെ ലഭിച്ച രഹസ്യവിവരം. അതിന്റെ ചുവടുപിടിച്ച് കൊല്ലം ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ പുറത്തുവന്നത് വൻ കള്ളനോട്ട് ഇടപാടിന്റെ സൂചനകൾ. വീട്ടിൽനിന്ന് കള്ളനോട്ടും അച്ചടിക്കാനുള്ള സാമഗ്രികളും നോട്ട് എണ്ണുന്ന യന്ത്രവും ഉൾപ്പെടെ പൊലീസ് കണ്ടെത്തി.

വാടി കല്ലേലിവയൽ സ്വദേശി സിബിയോണിന്റെ വാടിയിലുള്ള വീട്ടിലാണ് പരിശോധന നടത്തിയത്. ഇയാളെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയെന്നായിരുന്നു ഭാര്യ കൊല്ലം പൊലീസിൽ നൽകിയ പരാതി. എന്നാൽ, പിന്നാലെ സിബിയോൺ പൊലീസ് സ്റ്റേഷനിൽ ഹാജരായി. തട്ടിക്കൊണ്ടുപോയവർ തന്നെ വിട്ടയച്ചതായും അറിയിച്ചു. ഇതോടെ പൊലീസ് ഒഴിവാക്കിയ കേസിൽ ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരമാണ് അന്വേഷണത്തിൽ നിർണായകമായത്.

സിബിയോണിന്റെ വീട്ടിൽനിന്ന് ഏകദേശം രണ്ടര കോടി രൂപയുടെ കള്ളനോട്ട് അച്ചടിക്കാൻ തയ്യാറാക്കിയ സാമഗ്രികളാണ് കണ്ടെത്തിയത്. പ്രിന്റർ, 500 രൂപയുടെ കള്ളനോട്ടുകൾ അച്ചടിക്കാനായി മുറിച്ചുവെച്ച പേപ്പർ കെട്ടുകൾ, നോട്ട് എണ്ണുന്ന യന്ത്രം എന്നിവ പരിശോധനയിൽ പിടിച്ചെടുത്തു. പേപ്പർ കെട്ടുകളുടെ വശങ്ങളിൽ 500 രൂപ നോട്ടിന്റെ രൂപകൽപ്പനയും പ്രിന്റ് ചെയ്തിരുന്നു.

ഇതിനുപുറമേ, ഏകദേശം 45 പവൻ തൂക്കം വരുന്ന സ്വർണാഭരണങ്ങളും 4.32 ലക്ഷം രൂപയും വീട്ടിൽനിന്ന് കണ്ടെടുത്തു. സംഭവത്തിന് പിന്നിൽ വൻ കള്ളനോട്ട് മാഫിയ പ്രവർത്തിക്കുന്നുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സിബിയോണിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കള്ളനോട്ട് ഇടപാടുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ഇയാൾക്ക് മറ്റാരുമായെങ്കിലും ബന്ധമുണ്ടോയെന്നും കള്ളനോട്ട് ശൃംഖലയുടെ വ്യാപ്തി എത്രത്തോളമാണെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.

You may also like