തൃശൂർ: ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ അപകടമേഖലയായ ഉത്രാളിക്കാവ് വളവിൽ ബസ്സും കാറും ബൈക്കും കൂട്ടിയിടിച്ച് വൻ അപകടം. ഉച്ചയ്ക്ക് 12:15-ഓടെയുണ്ടായ അപകടത്തിൽ ബസ്, കാർ യാത്രക്കാർക്കും ഇരുചക്രവാഹന യാത്രികനും ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്തുനിന്ന് ഷൊർണൂരിലേക്ക് പോകുകയായിരുന്ന ബസ്സും ഷൊർണൂർ ഭാഗത്തുനിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടത്തിൽപ്പെട്ട ബൈക്ക് സമീപത്തെ പറമ്പിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കൂട്ടിയിടിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട ബസ് റോഡിന് കുറുകെ നീങ്ങി സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറിയാണ് നിന്നത്. അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
പരിക്കേറ്റവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ വടക്കാഞ്ചേരിയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് വടക്കാഞ്ചേരി പോലീസും ഫയർഫോഴ്സ് സംഘവും ഉടൻ തന്നെ സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.
