തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കുന്ന പുതിയ താരിഫ് നയവുമായി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. വൈദ്യുതി നിരക്കും സർചാർജും വർധിപ്പിച്ച് ബോർഡിന്റെ മുൻകാല നഷ്ടമായ 5,000 കോടി രൂപ വീണ്ടെടുക്കാനാണ് നീക്കം. ഇതിനൊപ്പം വൈദ്യുതി ഉപയോഗത്തിന്റെ പീക്ക് സമയവും ദീർഘിപ്പിക്കും. ഏപ്രിൽ മുതൽ അഞ്ചുവർഷത്തേക്കുള്ള പുതിയ താരിഫ് നയം കമ്മീഷൻ വിജ്ഞാപനം ചെയ്തു.
വൈദ്യുതി ബോർഡിന്റെ നഷ്ടം നാലുവർഷംകൊണ്ട് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാനാണ് ലക്ഷ്യമിടുന്നത്. 2027 ഏപ്രിൽ മുതൽ 2032 മാർച്ച് 31 വരെയുള്ള കാലയളവിൽ പുതിയ നിരക്കുകൾ നടപ്പാക്കാനാണ് നീക്കം. നിരക്കും സർചാർജും വർധിപ്പിച്ചുകൊണ്ട് നഷ്ടം നികത്താനാണ് പദ്ധതി.
പുതിയ ക്രമീകരണമനുസരിച്ച് വൈകിട്ട് ആറുമുതൽ രാത്രി 11.30 വരെയായിരിക്കും പീക്ക് സമയം. നിലവിൽ വൈകിട്ട് ആറുമുതൽ രാത്രി പത്തുവരെയായിരുന്ന പീക്ക് സമയം ഇതോടെ ഒന്നര മണിക്കൂർ കൂടി നീളും. രാത്രി 11.30 മുതൽ രാവിലെ എട്ടുവരെ ഓഫ് പീക്ക് സമയമായിരിക്കും.
പുതിയ സമയക്രമം അനുസരിച്ച് സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള സ്മാർട്ട് മീറ്ററുകൾ, ടിഒഡി മീറ്ററുകൾ, എബിഡി മീറ്ററുകൾ എന്നിവയ്ക്ക് നിരക്ക് ബാധകമാകും. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിന് അനുസരിച്ച് ബില്ലിൽ മാറ്റമുണ്ടാകാം.
അതേസമയം, പകൽസമയത്ത് കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് നിരക്കിൽ ഇളവ് നൽകാനുള്ള നിർദേശം വിതരണ കമ്പനികൾക്ക് സമർപ്പിക്കാമെന്നും റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവിൽ പറയുന്നു. പുതിയ താരിഫ് നയം പ്രാബല്യത്തിൽ വരുന്നതോടെ വൈദ്യുതി ഉപയോഗത്തിന്റെ സമയക്രമം ഉപഭോക്താക്കളുടെ ബില്ലിനെയും ബാധിച്ചേക്കും.
