പത്തനംതിട്ട: ശബരിമലയിലെ തീർത്ഥാടനവുമായി ബന്ധപ്പെട്ട ഓൺലൈൻ റൂം ബുക്കിംഗിൽ വൻ ക്രമക്കേടുകൾ തടയാൻ കർശന നടപടിയുമായി അധികൃതർ. ഇനിമുതൽ ശബരിമലയിൽ ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യുന്നത് ദർശനം മുൻകൂട്ടി ബുക്ക് ചെയ്യുന്ന തീർത്ഥാത്തകർക്ക് മാത്രമായി ചുരുക്കും. സുതാര്യത ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബുക്കിംഗിൽ ഒ.ടി.പി (OTP) ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തും. ഇത് സംബന്ധിച്ച നിർണായക ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ശബരിമല സ്പെഷ്യൽ കമ്മിഷണർ ഉടൻ ഹൈക്കോടതിക്ക് സമർപ്പിക്കും.
നിലവിൽ യാതൊരു നിയന്ത്രണവുമില്ലാതെ ആർക്ക് വേണമെങ്കിലും എത്ര മുറികൾ വേണമെങ്കിലും ഓൺലൈനായി ബുക്ക് ചെയ്യാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ തുലാമാസ പൂജയോടനുബന്ധിച്ച് ഓൺലൈനിൽ ലഭ്യമാക്കിയ 400 മുറികളും പ്രമുഖ ഏജൻസികളും ഇടനിലക്കാരും ചേർന്ന് പൂർണ്ണമായി കയ്യടക്കിയിരുന്നു. ബുക്കിംഗ് ആരംഭിച്ച ഉടൻ തന്നെ എല്ലാ മുറികളും നിമിഷനേരം കൊണ്ട് തീർന്നുപോയത് വലിയ ദുരൂഹതയ്ക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നിൽ വൻ ലോബി പ്രവർത്തിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നിലവിൽ ദേവസ്വം വിജിലൻസ് ഈ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിവരികയാണ്. ഈ പശ്ചാത്തലത്തിലാണ് തീർത്ഥാത്തകർക്ക് നേരിട്ട് ബുക്കിംഗ് ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങൾ വരുന്നത്.
