Home Top Storiesഎസ്എംഎ മരുന്ന് വിവാദത്തിൽ നിർണായക രേഖ; നാറ്റ്കോ മരുന്നിന് ശുപാർശ ലഭിച്ചത് എൽഡിഎഫ് കാലത്ത്, യുഡിഎഫ് കരാർ ഒപ്പിട്ടത് തുടർനടപടിയായി

എസ്എംഎ മരുന്ന് വിവാദത്തിൽ നിർണായക രേഖ; നാറ്റ്കോ മരുന്നിന് ശുപാർശ ലഭിച്ചത് എൽഡിഎഫ് കാലത്ത്, യുഡിഎഫ് കരാർ ഒപ്പിട്ടത് തുടർനടപടിയായി

by news_desk1
0 comments

തിരുവനന്തപുരം: എസ്എംഎ രോഗബാധിതരായ കുട്ടികൾക്കുള്ള മരുന്നിനെച്ചൊല്ലിയുള്ള വിവാദത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഇന്ത്യൻ നിർമിത നാറ്റ്കോ മരുന്ന് വാങ്ങാനുള്ള തീരുമാനം എൽഡിഎഫ് സർക്കാരിന്റെ കാലത്തെ കൂടിയാലോചനകൾക്കും സാങ്കേതിക സമിതിയുടെ ശുപാർശകൾക്കും പിന്നാലെയാണെന്ന് വ്യക്തമാക്കുന്ന കത്ത് സംസ്ഥാന മിഷൻ ഡയറക്ടർ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയിരുന്നു. ഈ കത്തിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് സർക്കാർ മരുന്ന് വാങ്ങാൻ കരാർ ഒപ്പിട്ടതെന്നാണ് റിപ്പോർട്ട്.

എൽഡിഎഫ് സർക്കാർ നിയമിച്ച സംസ്ഥാന നോഡൽ ഓഫീസർ ഡോ. യു. ആർ. രാഹുൽ ഒപ്പിട്ട കത്തിലാണ് മരുന്ന് ശുപാർശ ചെയ്യുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക സമിതിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാർ അംഗങ്ങളായ സമിതി മേയ് എട്ടിനാണ് നാറ്റ്കോ മരുന്ന് ശുപാർശ ചെയ്തത്. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് സംസ്ഥാന മിഷൻ ഡയറക്ടർ ഈ കത്ത് നൽകിയത്.

കഴിഞ്ഞ ദിവസമാണ് എസ്എംഎ ക്ലിനിക്കുകളിലൂടെ ആരോഗ്യവകുപ്പ് ഇന്ത്യൻ നിർമിത പുതിയ മരുന്ന് വിതരണം ചെയ്തു തുടങ്ങിയത്. മരുന്നിന്റെ കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയിരുന്നത് കുട്ടികളുടെ രക്ഷിതാക്കളിൽ ആശങ്കയുണ്ടാക്കി. പുതിയ മരുന്നിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ആരോഗ്യവകുപ്പ് ലഭ്യമാക്കിയില്ലെന്നും രക്ഷിതാക്കൾ പരാതിപ്പെട്ടു.

പരീക്ഷണത്തിനുള്ളതെന്ന് തോന്നിപ്പിക്കുന്ന ലേബലുള്ള മരുന്ന് കുട്ടികൾക്ക് നൽകിയെന്നത് നിസ്സാരമായി കാണാനാകില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമർശനം. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവൻവെച്ച് ചൂതാടുകയാണെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ, ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നാണ് എസ്എംഎ ക്ലിനിക്കുള്ള തിരുവനന്തപുരം എസ്.എ.ടി. ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പുതിയ മരുന്നിന് രാജ്യത്ത് ആവശ്യമായ എല്ലാ അംഗീകാരങ്ങളുമുണ്ടെന്നും കുറഞ്ഞ വിലയിൽ മരുന്ന് ലഭ്യമാകുന്നത് കൂടുതൽ കുട്ടികൾക്ക് ചികിത്സ ഉറപ്പാക്കാൻ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കവറിൽ ‘ഡോക്ടേഴ്സ് സാമ്പിൾ’ എന്ന് രേഖപ്പെടുത്തിയ മരുന്നും യഥാർഥ മരുന്നും തമ്മിൽ വ്യത്യാസമില്ലെന്നും സൂപ്രണ്ട് വിശദീകരിച്ചു.

മരുന്നിന്റെ ലേബലിനെച്ചൊല്ലിയുള്ള ആശങ്കകൾക്കിടെ, വാങ്ങൽ നടപടികളുടെ കാലക്രമവും സാങ്കേതിക സമിതിയുടെ ശുപാർശകളും വിവാദത്തിൽ നിർണായകമാകുകയാണ്.

You may also like