തിരുവനന്തപുരം: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നടന്നുവെന്ന് ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിൽ പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. ടെൻഡർ നടപടികൾ ഒഴിവാക്കി കാർട്ടൺ ഇന്ത്യ കമ്പനിക്ക് നിർമാണക്കരാർ നൽകിയെന്ന പരാതിയിലാണ് അന്വേഷണം. ദിവ്യയുടെ ഭർത്താവിന്റെ സ്വത്തുവിവരങ്ങളും അന്വേഷണപരിധിയിൽ വരുമെന്നാണ് വിവരം.
കെഎസ്യു ഉപാധ്യക്ഷൻ മുഹമ്മദ് ഷമ്മാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ അന്വേഷണത്തിന് അനുമതി നൽകിയത്. അഴിമതി നിരോധന നിയമത്തിലെ 17(എ) വകുപ്പ് പ്രകാരമാണ് നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി അബ്ദുൽ ലത്തീഫിനെതിരെയും അന്വേഷണം നടത്തും.
കാർട്ടൺ ഇന്ത്യ കമ്പനി ദിവ്യയുടെ ബിനാമിയുടേതാണെന്നാണ് പരാതിയിലെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുവിവരങ്ങൾ വിജിലൻസ് പരിശോധിക്കുമെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഈ പരാതിയിൽ അന്വേഷണത്തിന് അനുമതി നൽകിയിരുന്നില്ല.
