തിരുവനന്തപുരം: 18 വയസ്സ് തികയാൻ കാത്തിരിക്കേണ്ട; 17 വയസ്സുള്ളവർക്കും വോട്ടർപട്ടികയിൽ മുൻകൂട്ടി പേര് ചേർക്കാൻ അവസരം. പുതിയ വോട്ടർമാരെ കണ്ടെത്തുന്നതിനായി പ്രത്യേക പ്രചാരണ പരിപാടിയുമായി തിരഞ്ഞെടുപ്പ് വകുപ്പ്. അടുത്ത വർഷം ഒക്ടോബർ ഒന്നിന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് ഉൾപ്പെടെ ഇപ്പോൾ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡി. സജിത് കുമാർ അറിയിച്ചു.
ഈ പ്രായപരിധിയിലുള്ള വിദ്യാർഥികളെ കണ്ടെത്തുന്നതിനായി നവംബർ രണ്ടുമുതൽ ‘കാമ്പസ് ടു ബൂത്ത്’ എന്ന പേരിൽ പ്രചാരണം നടത്തും. വോട്ടർപട്ടികയിൽ ഇതുവരെ പേരുചേർക്കാത്തവർക്കും ഫോം ആറ് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കാം. ഓൺലൈനായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പ് വഴിയും അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്. വില്ലേജ് ഓഫീസുകൾ മുഖേനയുള്ള പേരുചേർക്കൽ നടപടികളും അടുത്ത മാസവും തുടരും.
നവംബർ 12ന് സംയോജിത കരടു വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഇതിനു മുന്നോടിയായി നവംബർ രണ്ടിന് മുമ്പ് പോളിങ് സ്റ്റേഷനുകളുടെ പുനഃക്രമീകരണം നടത്താനാണ് തീരുമാനം. ഒരേ കുടുംബത്തിലെ അംഗങ്ങളുടെ പേരുകൾ വ്യത്യസ്ത പോളിങ് സ്റ്റേഷനുകളിലായി ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരുത്താൻ അപേക്ഷ നൽകാം. ഇത്തരം പ്രശ്നങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വമേധയാ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
പ്രത്യേക വോട്ടർപട്ടിക പുതുക്കൽ നടപടികളുടെ ഭാഗമായി തയ്യാറാക്കുന്ന അന്തിമ വോട്ടർപട്ടിക അടുത്ത വർഷം ജനുവരി നാലിന് പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
